ലോകത്തിലെ ശതകോടീശ്വരന്മാരിലൊരാളാണ് മുകേഷ് അംബാനി. അംബാനി കുടുംബത്തിന്റെ വിശേഷങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അനന്ത് അംബാനിയുടെ വിവാഹവും ഇതിന് ശേഷമുള്ള സത്കാരവുമെല്ലാം അത്തരത്തിൽ ജനങ്ങളുടെ ശ്രദ്ധയാകർഷിച്ച കാര്യങ്ങളാണ്. ഇന്ത്യക്കാരുടെ മാത്രമല്ല പാകിസ്താനിലെ ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചതും അംബാനി കുടുംബമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
മുകേഷ് അംബാനിയെ കുറിച്ചാണ് പാകിസ്താനികൾ ഏറ്റവും കൂടുതൽ തെരഞ്ഞെതെന്നാണ് ഗൂഗിൾ പറയുന്നത്. 2024 ൽ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഏഷ്യയിലെ ധനികനായ വ്യക്തിയെ കുറിച്ച് മാത്രമല്ല അംബാനി കുടുംബത്തെ കുറിച്ചും ചോദ്യങ്ങളുണ്ട്.
മുകേഷ് അംബാനിയുടെ ആസ്തി, ഭാര്യ നിത അംബാനി, അനന്ത് അംബാനി – രാധിക മെർച്ചന്റ് വിവാഹം തുടങ്ങി നിരവധി കാര്യങ്ങളാണ് അംബാനി കുടുംബത്തെ കുറിച്ച് പാകിസ്താനികൾ ഗൂഗിളിനോട് ചോദിച്ചിരിക്കുന്നത്. മുകേഷ് അംബാനിയുടെ വീടിനെ കുറിച്ചും ചിലർ ആരാഞ്ഞിട്ടുണ്ട്.
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രൗഢ ഗംഭീരമായ വിവാഹം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ആഡംബര വിവാഹമായിരുന്നു ഇത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പ്രമുഖരാണ് വിവാഹത്തിലും ആഘോഷങ്ങളിലും പങ്കെടുക്കാനെത്തിയത്. ഗൂഗിൾ സെർച്ചിൽ ഏറ്റവുമധികം ഇടംപിടിച്ചതും ഈ വിവാഹം തന്നെയായിരുന്നു.















