പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ പൊലീസിന്റെ സിപിആർ സംവിധാനം ലഭ്യമാകും. അയ്യപ്പഭക്തർക്ക് ഹൃദയാഘാതം ഉണ്ടായാൽ ഉടൻ ചികിത്സ നൽകുന്നതിന് വേണ്ടിയാണ് പൊലീസിന്റെ പുതിയ സേവനം. ഇതിനായി സന്നിധാനത്തും പരിസരപ്രദേശത്തും ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാർക്ക് സിപിആർ പരിശീലനം നൽകി.
കരിമലയിൽ നീലിമലയും മരക്കൂട്ടവും താണ്ടി 18 പടികയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തന് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടായാൽ ഏറ്റവും ആദ്യം എത്തുന്ന പൊലീസുകാർ പ്രാഥമിക ചികിത്സ നൽകാൻ പ്രാപ്തമാകുന്നതിന് വേണ്ടിയാണ് സിപിആർ പരിശീലനം നൽകാൻ തീരുമാനമായത്. സന്നിധാനത്തെ ഡ്യൂട്ടിയിലുള്ള മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പൊലീസുകാർക്ക് പരിശീലനം നൽകി.
20 പൊലീസുകാർക്ക് വീതമാണ് ഡ്യൂട്ടിക്കിടയിൽ സിപിആറിന്റെ പരിശീലനം.സന്നിധാനത്തെ മുഴുവൻ പൊലീസുകാർക്കും സിപിആർ പരിശീലനം നൽകുമെന്ന് സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ വ്യക്തമാക്കി. വരുന്ന ദിവസങ്ങളിൽ പരിശീലനം വിപുലപ്പെടുത്താനാണ് തീരുമാനം.