കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിയുന്ന 101-കാരനായ മുൻ IFS ഉദ്യോഗസ്ഥനെ നേരിൽ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വയോധികന്റെ ചെറുമകൾക്ക് നൽകിയ ഉറപ്പാണ് മോദി ഇതോടെ പാലിച്ചത്. 101-കാനായ മുൻ IFS ഓഫീസറും മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഇന്ത്യൻ പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്ന മോഹം 101 വയസുള്ള മംഗൾ സൈൻ ഹാന്ദ ചെറുമകൾ വഴിയാണ് അറിയിച്ചത്. തന്റെ മുത്തശ്ശൻ മോദിയെ കാണാനായി കുവൈത്തിൽ കാത്തിരിക്കുകയാണെന്ന് ചെറുമകൾ ശ്രേയ ജുനേജ എക്സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണ് തന്റെ നാനജിയെന്നും അദ്ദേഹത്തിന് പ്രധാനമന്ത്രിയെ കാണാൻ ആഗ്രഹമുണ്ടെന്നുമായിരുന്നു ജുനേജയുടെ പോസ്റ്റ്. മാത്രമല്ല വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തി ജുനേജ ഇ-മെയിൽ അയക്കുകയും ചെയ്തു.
ഇത് ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി അദ്ദേഹത്തെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മറുപടി നൽകി. ജുനേജയുടെ പോസ്റ്റും പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. കുവൈത്തിലെ ഹോട്ടലിൽ വച്ചാണ് 101-കാരനായ മംഗൾ സൈൻ ഹാന്ദയെ മോദി കണ്ടത്. കുവൈത്തിൽ ദ്വിദിന സന്ദർശനത്തിന് എത്തിയതായിരുന്നു നരേന്ദ്രമോദി.













