കാബേജ് കുടുംബത്തിൽ പെടുന്ന ബ്രോക്കോളിയും കോളിഫ്ലവറുമൊക്കെ ഇപ്പോൾ പരിചിതമാണ്. അൽപം വിലയേറിയതിനാൽ തന്നെ ബ്രോക്കോളിയെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. കോളിഫ്ലവറിന്റെ കാര്യം അങ്ങനെയല്ല. കറി വച്ചും മൊരിച്ചൊക്കെ കഴിക്കുന്ന പതിവുണ്ട്. ഇവ രണ്ടും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ഇവയിലേതാണ് കൂടുതൽ മെച്ചം എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉത്തരമിവിടുണ്ട്..
പോഷകസമ്പന്നമാണ് ബ്രോക്കോളി. വിറ്റാമിനുകളും ധാതുക്കളും ഏറെ അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി കഴിക്കുന്നത് സ്തനങ്ങൾ, വൻകുടൽ, പ്രോസ്റ്റേറ്റ്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന അർബുദ സാധ്യത കുറയ്‌ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ വീക്കം കുറയ്‌ക്കുന്നു. നാരുകൾ ദഹനം മെച്ചപ്പെടുത്തുന്നു. കുടലിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
വിറ്റാമിൻ സിയുടെയും ആൻ്റി ഓക്സിഡൻ്റുകളുടെയും കലവറ തന്നെയാണ് കോളിഫ്ലവറും. സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിധ്യം ഹൃദയത്തിന് ഗുണം ചെയ്യുന്നു. ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. നാരുകൾ ദഹനത്തിനും കുടലിനും നല്ലതാണ്.
ബ്രോക്കോളിയോ കോളിഫ്ലവറോ? ഏതാണ് മെച്ചം?
രണ്ട് പോഷക സമ്പന്നമാണെങ്കിലും കണ്ണിന്റെ ആരോഗ്യത്തിന് ബ്രോക്കോളിയാണ് നല്ലത്. കോളിഫ്ലവറിനേക്കാൾ വിറ്റാമിനുകളും ഇതിലടങ്ങിയിട്ടുണ്ട്. പ്രധാനമായും വിറ്റാമിൻ കെയും വിറ്റാമിൻ സിയും. നാരുകളും ഇതിലാണ് കൂടുതൽ. ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പ് നൽകാനും ബ്രോക്കോളിക്ക് കഴിയുന്നു.
ശരീരഭാരം കുറയ്‌ക്കാൻ ഏതാണ് നല്ലത്?
രണ്ട് ശരീരഭാരം കുറയ്‌ക്കാൻ മികച്ച ഓപ്ഷനുകളാണ്. എന്നിരുന്നാലും ഒരൽപം കൂടുതൽ നാരുകൾ ഉള്ളത് ബ്രോക്കോളിയിലാണ്. വിശപ്പിനെ നിയന്ത്രിക്കാനും വയർ നിറഞ്ഞത് പോലെ തോന്നിക്കാനും ബ്രോക്കോളിക്ക് സാധിക്കും. കോളിഫ്ലവറിനെ അപേക്ഷിച്ച് കൂടുതൽ വിറ്റാമിൻ സിയും പ്രോട്ടീനുമുള്ളത് ബ്രോക്കോളിയിലാണ്.
എന്നാൽ ബ്രോക്കോളിയെ അപേക്ഷിച്ച് കലോറി കുറവ് കോളിഫ്ലവറിലാണ്. കോളിഫ്ലവർ റൈസായും ബ്രോക്കോളി സൂപ്പിൽ ചേർത്തൊക്കെ കഴിക്കാവുന്നതാണ്.