ന്യൂഡൽഹി: 2024ലെ അണ്ടർ-19 വനിതാ ഏഷ്യാ കപ്പിന്റെ ഉദ്ഘാടന പതിപ്പിൽ ഇന്ത്യ ചാമ്പ്യന്മാർ. ക്വാലാലംപൂരിലെ ബയ്യൂമാസ് ഓവലിൽ നടന്ന ഫൈനലിൽ ക്യാപ്റ്റൻ നിക്കി പ്രസാദും കൂട്ടരും ബംഗ്ലാദേശിനെ 41 റൺസിന് തോല്പിച്ചാണ് കന്നിക്കിരീടത്തിൽ മുത്തമിട്ടത്. 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 52 റൺസെടുത്ത ഗോംഗഡി തൃഷ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തൃഷയൊഴികെ മറ്റാർക്കും വലിയ സ്കോർ കണ്ടെത്താനായില്ല. ആയുഷി ശുക്ല (10), മിതില വിനോദ് (17), നിക്കി പ്രസാദ്(12) എന്നിവരാണ് രണ്ടക്കം കടന്നത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലേ അടിപതറി. രണ്ടാം ഓവറിൽ ഓപ്പണർ മൊസമ്മ ഇവ, വിജെ ജോഷിതയുടെ പന്തിൽ ഡക്കായി മടങ്ങി. പിന്നാലെ വന്ന ക്യാപ്റ്റൻ സുമയ്യ അക്തറിനെയും ഇന്ത്യ രണ്ടക്കം കടക്കാൻ അനുവദിച്ചില്ല. 40 പന്തുകൾക്കിടയിൽ 21 റൺസിന് അവസാന ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ട ബംഗ്ലാദേശിന് പിന്നെ കരകയറാനായില്ല. 77 റൺസെടുത്ത ബംഗ്ലാദേശിന്റെ പോരാട്ടം 18-ാം ഓവറിൽ അവസാനിച്ചു.
24 പന്തിൽ 18 റൺസെടുത്ത ഓപ്പണർ ഫഹോമിദ കോയയും 30 പന്തിൽ 22 റൺസെടുത്ത ജൂഔരിയ ഫെർദൗസും മാത്രമാണ് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ചെറുത്തുനിൽപ്പ് നടത്തിയത്. ഇന്ത്യക്കായി ആയുഷി ശുക്ല 3 വിക്കറ്റ് വീഴ്‌ത്തി. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 159 റൺസ് നേടിയ തൃഷയാണ് ടൂർണമെന്റിലെയും ഫൈനലിലെയും താരം.