ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ 55-ാമത് ജിഎസ്ടി കൗൺസിൽ യോഗം കഴിഞ്ഞദിവസം നടന്നിരുന്നു. കൗൺസിലിന്റെ തീരുമാനപ്രകാരം വിപണിയിൽ വില കൂടുന്നതും കുറയുന്നതുമായ വസ്തുക്കൾ എന്തെല്ലാമാണെന്ന് നോക്കാം..
വില കുറയുന്നവ:
ഫോർട്ടിഫൈഡ് റൈസ് : പോഷകസമ്പന്നമായ അരി അഥവാ Fortified Rice Kernelsന്റെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമാക്കി കുറച്ചു. വിളർച്ച അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന അരിയാണ് ഫോർട്ടിഫൈഡ് റൈസ്. ഇതിൽ ധാരാളം പോഷകങ്ങളും വൈറ്റമിനുകളുമുണ്ട്.
ജീൻ തെറാപ്പി: കൂടുതൽ ആളുകളിലേക്ക് ചികിത്സാ സൗകര്യം എത്തിക്കുന്നതിനായി ജീൻ തെറാപ്പിയെ പൂർണമായും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. ജീവൻരക്ഷാ ചികിത്സയ്‌ക്ക് അനിവാര്യമായ ഒന്നാണ് ജീൻ തെറാപ്പി. മസ്കുലർ ഡിസ്ട്രോഫി, ഹീമോഫീലിയ തുടങ്ങിയ ജനിതക രോഗങ്ങൾക്കാണ് പ്രധാനമായും ജീൻ തെറാപ്പി ഉപയോഗിക്കുന്നത്.
സൗജന്യ വിതരണത്തിനായുള്ള ഭക്ഷണം തയ്യാറാക്കൽ: പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് 5 ശതമാനം നികുതി നൽകിയാൽ മതി.
ദീർഘദൂര സർഫേസ്-ടു-എയർ മിസൈൽ (LRSAM) നിർമിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ: LRSAM ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ സിസ്റ്റം, സബ് സിസ്റ്റം, ടൂൾസ് എന്നിവയെ ഐജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി.
കുരുമുളക്, ഉണക്കമുന്തിരി: കർഷകർ വിതരണം ചെയ്യുന്ന കുരുമുളകും ഉണക്കമുന്തിരിയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വില കൂടുന്നവ:
പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങൾ: ഇലക്ട്രോണിക് വാഹനങ്ങൾ ഉൾപ്പടെ പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാങ്ങി വിൽപ്പന നടത്തുന്ന ഇടപാടുകൾക്ക് ജിഎസ്ടി വർദ്ധിപ്പിച്ചു. 12 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി. (വ്യക്തികൾ തമ്മിൽ കൈമാറ്റം നടത്തുന്നതിന് നികുതി ഇല്ല.)
റെഡി-ടു-ഈറ്റ് പോപ്കോൺ: ഉപ്പും മസാലയും ചേർത്തുവരുന്ന റെഡി-ടു-ഈറ്റ് പോപ്കോണിന് 5 ശതമാനം നികുതിയും ഇത് പാക്കറ്റിലാക്കി നൽകുകയാണെങ്കിൽ 12 ശതമാനം നികുതിയുമാണ്.
കോൺക്രീറ്റ് കട്ടകൾ: 50 ശതമാനത്തിലധികം ഫ്ലൈ ആഷ് ഉപയോഗിച്ച് തയ്യാറാക്കുന്ന കെട്ടിടനിർമാണ കോൺക്രീറ്റ് കട്ടകൾക്ക് 12 ശതമാനം ജിഎസ്ടിയാണ്.
മറ്റ് നിരീക്ഷണങ്ങൾ: വായ്പയ്‌ക്ക് മേൽ ചുമത്തുന്ന പിഴത്തുകയിൽ ജിഎസ്ടി പാടില്ല, ഐജിഎസ്ടിയിൽ കൃത്യത കൊണ്ടുവരണമെന്ന ആവശ്യം കൗൺസിൽ അംഗീകരിച്ചു.















