പ്രേമലു സിനിമ കണ്ടവർ ആദിയുടെയും സംഘത്തിന്റെയും ആക്രമണത്തെ പെപ്പർ സ്പ്രേ ഉപയോഗിച്ച് റീനു നേരിടുന്ന രംഗം മറക്കില്ല. പെപ്പർ സ്പ്രെ ഇല്ലെങ്കിൽ ഒരുപക്ഷേ ക്ലൈമാക്സ് തന്നെ മാറിപ്പോയേക്കാം. എന്നാൽ എന്താണ് യഥാർത്ഥത്തിൽ ഈ പേപ്പർ സ്പ്രേ?
കുരുമുളക് എസെൻസ് ചേർത്ത സ്പ്രെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് തെറ്റി.
മിക്കവരും ഇതാണ് ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ ബ്ലാക്ക് പെപ്പർ എന്ന കുരുമുളകുമായി ഇതിന് യാതൊരു ബന്ധവുമില്ല. രണ്ടിലും പെപ്പർ എന്നൊരു പേരുണ്ടെന്ന് മാത്രം. മാദ്ധ്യമങ്ങളിൽ പോലും പെപ്പർ സ്പ്രെയ്‌ക്ക് കുരുമുളക് സ്പ്രെ എന്ന് ഉപയോഗിക്കാറുണ്ട്.
വറ്റൽമുളക്, കാന്താരി തുടങ്ങിയവെല്ലാം പെപ്പർ വിഭാഗത്തിൽ പെടുന്നതാണ്. എന്നാൽ ഇവ ബ്ലാക്ക് പേപ്പറിന്റെ കുടുംബത്തിൽപെട്ടതല്ല. ക്യാപ്സിക്കവുമായാണ് ഇവയ്‌ക്ക് ബന്ധം. ക്യാപ്സിക്കം ഇനത്തിൽപ്പെട്ട എരിവ് കൂടിയ മുളകിൽ നിന്നും എരിവിനും ചൂടിനും കാരണമായ ക്യാപ്സിൻ എന്ന ഘടകത്തെ വേർതിരിച്ചെടുത്തു കൊണ്ടാണ് പെപ്പർ സ്പ്രേ നിർമ്മിക്കുന്നത്. ക്യാപ്സിൻ സ്പ്രേ എന്നാണ് പെപ്പർ സ്പ്രേ യുടെ യഥാർത്ഥ നാമം. രണ്ടു ശതമാനം വരെയാണ് ക്യാപ്സിനാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
കണ്ണീർവാതകങ്ങളേക്കാൾ കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കാൻ ഇവയ്‌ക്ക് സാധിക്കും. അതിനാൽ ഇത് പ്രയോഗിച്ചാൽ പതിനഞ്ച് മിനിറ്റോളം കണ്ണ് തുറക്കാൻ ബുദ്ധിമുട്ടാണ്.
പെപ്പർ സ്പ്രെയുടെ പിറവിയുടെ ഉദ്ദേശലക്ഷ്യം കരടി പോലുള്ള മൃഗങ്ങളിൽ നിന്നുള്ള രക്ഷയാണ്.















