തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. മേയർക്ക് ധിക്കാരമാണെന്നും ജനങ്ങൾക്കിടയിൽ ഇത് സംസാരമാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
കോർപറേഷന്റെ മോശം പ്രകടനം തദ്ദേശ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കും. ഇനിയും തിരുത്താൻ ശ്രമിച്ചില്ലെങ്കിൽ ഭരണം നിലനിർത്താൻ സാധിക്കില്ല. അവാര്‍ഡുകള്‍ നേടിയത് കൊണ്ട് യാതൊരു കാര്യവുമില്ല. ജനങ്ങൾ ഇത്തരം അവാർഡുകൾ വിശ്വാസത്തിലെടുക്കുന്നില്ല. ജനപിന്തുണയാണ് തുടർഭരണത്തിന് വേണ്ടത്. നഗരസഭ ഇനിയെങ്കിലും ജനഹിതം അറിഞ്ഞ് പ്രവർത്തിക്കാൻ തയ്യാറാകണം.
പ്രഖ്യാപനങ്ങള്‍ അല്ലാതെ ഒന്നിനും ഫണ്ട് ലഭിക്കുന്നില്ലെന്ന വിമർശനവുമുണ്ടായി. അതേസമയം , മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.