പ്രമേഹവും കൊളസ്‌ട്രോളുമുൾപ്പെടെ ജീവിതശൈലീ രോഗങ്ങൾ വിടാതെ പിന്നാലെയുണ്ട്. അപ്പോൾ പിന്നെ ഉപയോഗിക്കുന്ന ഭക്ഷണശീലങ്ങൾ മാത്രമല്ല ഭക്ഷണം പാകം ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ആഘോഷവേളകളിൽ. ക്രിസ്മസ് ഇങ്ങെത്തി. കേക്കും മറ്റ് പലഹാരങ്ങളും ബേക്ക് ചെയ്യുന്ന തിരക്കിലാണ് പലരും. എന്നാൽ ബേക്കിങ്ങിന് നെയ്യ് ഉപയോഗിക്കുന്ന ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതിന് ഏറ്റവും മികച്ച പകരക്കാരനാണ് ഒലിവ് ഓയിൽ.
ഒലിവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും (MUFA) ആൻ്റിഓക്‌സിഡൻ്റുകളും കൊണ്ട് സമ്പുഷ്ടമാണ്. മാത്രമല്ല ഇത് ബേക്ക് ചെയ്‌തെടുക്കുന്ന പലഹാരങ്ങളുടെ രുചിയും വർദ്ധിപ്പിക്കും. കേക്കുകൾ കൂടുതൽ നനവുള്ളതായിരിക്കാനും കുക്കികൾ ക്രഞ്ചിയായിരിക്കാനും ബ്രെഡുകൾ കൂടുതൽ മൃദുവായിരിക്കാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് നെയ്യിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഒലിവ് ഓയിൽ.
കേക്കുകൾ, മഫിനുകൾ, കുക്കികൾ എന്നിവയ്‌ക്ക് പ്രത്യേക സ്വാദ് നൽകാൻ ഒലിവ് ഓയിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതേസമയം വിപണിയിൽ മൂന്ന് താരം ഒലിവ് ഓയിലുകൾ ലഭ്യമാണ്. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ, ഇന്ത്യൻ പാചകത്തിനായുള്ള ഒലിവ് ഓയിൽ, ക്ലാസിക് ഒലിവ് ഓയിൽ എന്നിവയാണ് അവ. ഇതിൽ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ മെഡിറ്ററേനിയൻ ശൈലിയിലുള്ള മധുരപലഹാരങ്ങൾ നിർമ്മിക്കാൻ അനുയോജ്യമാണ്.
ക്ലാസിക് ഒലിവ് ഓയിൽ മൃദുവായ പലഹാരങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാം. ഇന്ത്യൻ പാചകത്തിന് അനുയോധ്യമായ ഒലിവ് ഓയിലാണ് കൂടുതലും വിപണികളിൽ ലഭ്യമായിട്ടുള്ളത്. ഒലിവ് ഓയിൽ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായതിനാൽ അവ പലഹാരങ്ങൾ പെട്ടന്ന് കേടാകുന്നത് തടയും. ആരോഗ്യപരമായ ഗുണങ്ങളോടൊപ്പം ഭക്ഷണത്തിന്റെ സ്വാദും വർദ്ധിപ്പിക്കുമെന്നതിനാൽ ഒലിവ് ഓയിൽ എന്തുകൊണ്ടും മികച്ചൊരു പകരക്കാരനാണ്.