തുടർ തോൽവികൾക്ക് ശേഷം കലൂരിലെ അവസാന മത്സരത്തിൽ വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മുഹമ്മദസിനെ തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഉണർന്നത്. സെൽഫ് ഗോളിലൂടെയാണ് മഞ്ഞപ്പട അക്കൗണ്ട് തുറന്നത്. ഭാസ്കർ റോയിയുടെ പിഴവാണ് കൊമ്പന്മാർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തുടക്കം മുതൽ അക്രമിച്ച് കളിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രദ്ധിച്ചത്.
എന്നാൽ കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിക്കപ്പെട്ടതുമില്ല. ആദ്യ പകുതിയുടെ അവസാന നിമിഷം കൊമ്പന്മാരുടെ അവസരം എതിർ പോസ്റ്റിൽ തട്ടിത്തെറിച്ചു. 62-ാം മിനിട്ടിലാണ് സെൽഫ് ഗോൾ പിറന്നത്. കോറു സിംഗിന്റെ പാസിലാണ് സദൂയി സ്കോർ രണ്ടാക്കിയത്. ബോസിന് പുറത്തു നിന്നുള്ള ഹെഡ്ഡർ എതിർ ഗോളിയെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു.
83-ാം മിനിട്ടിലെ നോവയുടെ ഗോൾ ഓഫ് സൈഡ് വിളിച്ചു, എന്നാൽ റഫറിക്ക് തെറ്റുപറ്റിയെന്ന് റീപ്ലേയിൽ നിന്ന് വ്യക്തമായി. ഇതിന്റെ വേദന മറക്കാൻ, 90-ാം മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ പിറന്നത്. ക്യാപ്റ്റൻ ലൂണയുടെ പാസിൽ നിന്ന് പ്രതിരോധ താരം കോഫാണ് വലകുലുക്കിയത്. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഗാലറി ഒന്നാകെ നെടുവീർപ്പിട്ടു.