കൊച്ചി: വഖ്ഫ് അധിനിവേശത്തിനെതിരെ റിലേ സത്യഗ്രഹം നടത്തുന്ന മുനമ്പത്തെ ജനങ്ങളെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സമരത്തിന്റെ ആദ്യദിനം മുതൽ ബിജെപി കൂടെയുണ്ടെന്നും അവസാനം വരെ ഞങ്ങൾ ഉണ്ടാകുമെന്ന് പറയാനാണ് ഞാൻ വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട എല്ലാവരും അതിന് പ്രതിജ്ഞാബദ്ധരാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
തനിക്ക് ലഭിച്ച പരാതി കുവൈത്തിൽ നിന്ന് മടങ്ങിയെത്തുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും കൈമാറുമെന്നും അദ്ദേഹം മുനമ്പം നിവാസികൾക്ക് ഉറപ്പ് നൽകി. സ്വന്തം പേരിലുളള ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുനമ്പത്തെ അറുന്നൂറിലധികം കുടുംബങ്ങൾ സമരം നടത്തുന്നത്.
ജനങ്ങളുടെ അവകാശത്തെ ചോദ്യം ചെയുകയാണ് വഖഫ്. ഭൂമിക്ക് മേലുള്ള അധിനിവേശമാണ് വഖഫ് നടത്തുന്നത്. ഭരണഘടനാ അവകാശങ്ങളിലേക്ക് കടന്നുകയറാൻ ആരെയും അനുവദിക്കില്ല. മുനമ്പത്ത് സംഭവിച്ചത് ആസൂത്രിതമായ ഭൂമി കയ്യേറ്റത്തിനുള്ള ശ്രമമാണ്. എൽഡിഎഫും യുഡിഎഫും എന്നല്ല, ആരെതിർത്താലും വഖഫ് ബിൽ വരും. സംയുക്ത പാർലമെന്ററി സമിതി അതിന്റെ റിപ്പോർട്ട് പരിശോധിച്ച് വരികയാണ്. മുനമ്പത്തും രാജ്യത്ത് പല ഭാഗങ്ങളിലും നടക്കുന്ന ഇത്തരം ഭൂമി കയ്യേറ്റങ്ങൾ തടയുകയും എല്ലാവരുടെയും ഭൂമി സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പിന്നീട് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മുനമ്പത്തെ ജനങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയുടെയും ബിജെപിയുടെയും എൻഡിഎയുടെയും പിന്തുണയുണ്ട്. കോൺഗ്രസും എൽഡിഎഫും മുസ്ലിം ലീഗും അടക്കം, കേരളത്തിലെന്നല്ല, മറ്റെവിടെയുമുള്ള ഒരു ശക്തിക്കും മുനമ്പത്തെ ജനങ്ങളുടെ ഭൂമി തട്ടിയെടുക്കാനാകില്ല. ഇതാണ് കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെയും ഉറപ്പെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.