സുൽത്താൻ ബത്തേരി; അമിതമായ മുസ്ലീം പ്രീണനം പാർട്ടിക്ക് തിരിച്ചടിയായെന്ന് സിപിഎം വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം. മറ്റ് മതസ്ഥരെ പാർട്ടിയിൽ നിന്ന് അകറ്റാനും തെരഞ്ഞെടുപ്പിൽ വോട്ട് കുറയാനും ഇതിടയാക്കിയെന്നാണ് പ്രതിനിധി സമ്മേളനത്തിൽ വിമർശനം ഉയർന്നത്. പാർലമെന്റ് ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ജില്ലാ സമ്മേളനത്തിൽ ഇത്തരം വിമർശനം ഉയർന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
വയനാട്ടിൽ രാഹുലും പ്രിയങ്കയും വിജയിച്ചത് വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത പിബി അംഗം എ. വിജയരാഘവൻ അഭിപ്രായപ്പെട്ടിരുന്നു. ഇത് രാഷ്‌ട്രീയ വിവാദമായതിന് പിന്നാലെയാണ് അമിത മുസ്ലീം പ്രീണനം സിപിഎമ്മിനും തിരിച്ചടിയായെന്ന് അതേ സമ്മേളനത്തിൽ വിമർശനം ഉയർന്നത്.
നേതാക്കളുടെ അമിതമായ മുസ്ലീം പ്രീണനം ഹിന്ദു സമൂഹത്തിൽ നിന്നുൾപ്പെടെയുള്ള അടിയുറച്ച പാർട്ടി വോട്ടുകൾ പോലും നഷ്ടമാക്കിയതായി നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ എൻഡിഎയുടെ വോട്ട് വിഹിതത്തിൽ വന്ന വർദ്ധനയും സിപിഎം ഭയത്തോടെയാണ് കാണുന്നത്. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ഭൂരിപക്ഷ സമുദായത്തിൽ നിന്നുളള പരമ്പരാഗത പാർട്ടി വോട്ടുകൾ എൻഡിഎയ്‌ക്ക് ലഭിച്ചുവെന്നാണ് വിലയിരുത്തൽ. ഒപ്പം ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ എൻഡിഎയ്‌ക്ക് വോട്ട് വർദ്ധിച്ചതും ചർച്ചയായിരുന്നു.
മുസ്ലീം സംഘടനകളോട് ചങ്ങാത്തം കൂടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ടിറങ്ങിയ ചരിത്രം ഉൾപ്പെടെയാണ് വിമർശനത്തിന് ആധാരമായത്. പലസ്തീൻ വിഷയത്തിലും പൗരത്വ ഭേദഗതി വിഷയത്തിലുമുൾപ്പെടെ പാർട്ടി നൽകിയ അമിത പ്രാധാന്യവും സിപിഎമ്മിന്റെ മതനിരപേക്ഷ വാദത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. ന്യൂനപക്ഷമെന്ന പേരിൽ മുസ്ലീം സമുദായത്തെ മാത്രം പിന്തുണച്ചുകൊണ്ടുളള നേതാക്കളുടെ പ്രസ്താവനകളും ദോഷം ചെയ്തതായി വിലയിരുത്തലുണ്ടായെന്നാണ് സൂചന.
വഖ്ഫ് അധിനിവേശത്തിൽ ക്രൈസ്തവ സഭാ നേതൃത്വം പരസ്യമായ പ്രതിഷേധത്തിനിറങ്ങിയിട്ടും ഉറച്ച നിലപാട് സ്വീകരിക്കാനോ ഭൂമി തിരികെ നൽകുമെന്ന് ഉറപ്പ് നൽകാനോ സിപിഎമ്മിനോ സംസ്ഥാന സർക്കാരിനോ കഴിഞ്ഞിട്ടില്ല. കുടിയേറ്റ കർഷകർ ഏറെയുള്ള വയനാട്ടിൽ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലുൾപ്പെടെ ഈ നിലപാടുകൾ സജീവ ചർച്ചയായിരുന്നു. പൊതുസമൂഹത്തിലും പാർട്ടിയുടെ മുസ്ലീം പ്രീണനം ചർച്ചയായി തുടരുമ്പോഴാണ് ഒരു ജില്ലാ സമ്മേളനവേദിയിൽ അമിത മുസ്ലീം പ്രീണനം തിരിച്ചടിയായെന്ന വിമർശനം ഉയരുന്നത്. പൊതുസമൂഹത്തിലുളള വികാരമായിട്ടാണ് ഇതിനെ ചില അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.