ഹനീഫ് അദേനി സംവിധാനം ചെയ്ത്, തിയേറ്ററുകളിൽ ആവേശമായ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയിലെ പ്രകടനത്തിലൂടെ ശ്രദ്ധേയമാവുകയാണ് തിലകന്റെ ചെറുമകൻ അഭിമന്യു തിലകൻ. അഭിമന്യുവിന്റെ അതിഗംഭീര പ്രകടനത്തെ കുറിച്ചുള്ള ഷോബി തിലകന്റെ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുന്നത്. വയലൻസും ആക്ഷൻ രംഗങ്ങളും കൊണ്ട് നിറഞ്ഞ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും എടുത്തുപറഞ്ഞുകൊണ്ടാണ് പ്രേക്ഷകർ പ്രശംസിക്കുന്നത്.
സന്തോഷത്തേക്കാൾ കൂടുതൽ അഭിമാനമാണ് തോന്നുന്നതെന്ന് ഷോബി തിലകൻ പറഞ്ഞു. “മാർക്കോയിൽ അഭിനയിക്കാൻ പോയപ്പോൾ എന്റെ ആശിർവാദം വാങ്ങിയാണ് അഭിമന്യു പോയത്. ചെറുപ്പം മുതൽ അവനെ കൊണ്ടുനടന്നത് ഞാനാണ്. ഒരുപാട് സന്തോഷമുണ്ട്. പലരും എന്നെ വിളിച്ച് അഭിപ്രായങ്ങൾ പറയുന്നുണ്ട്. തിലകന്റെ പാരമ്പര്യം അവൻ കാത്തു എന്നാണ് പലരും ഞങ്ങളോട് പറയുന്നത്”.
“അഭിമന്യു ഡബ്ബിംഗും വളരെ നന്നായി ചെയ്തിട്ടുണ്ട്. ശബ്ദം കൊണ്ടാണ് ഞാനും ജീവിക്കുന്നത്. തിലകൻ എന്ന വ്യക്തിയുടെ ഐഡിന്റിറ്റിയും ആ ശബ്ദം തന്നെയാണ്. ആദ്യ സിനിമയിൽ തന്നെ ഇത്തരത്തിൽ മനോഹരമായി അഭിനയിച്ചതിൽ അഭിമാനമുണ്ട്. അഭിമന്യുവിന് ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നു’.
“പഠിക്കുന്ന സമയത്തൊന്നും അവന് അഭിനയത്തോട് താത്പര്യമുണ്ടെന്ന് തോന്നിയിട്ടില്ല. പിന്നീട് പഠിത്തമൊക്കെ കഴിഞ്ഞതിന് ശേഷമാണ് അഭിനയമോഹം മനസിലേക്ക് വന്നത്. പലരും വിളിച്ചിരുന്നു. പക്ഷേ അതിലൊന്നും പോകാതെ മാർക്കോയിൽ വന്നത്, ആ കഥാപാത്രത്തെ ഇഷ്ടമായതുകൊണ്ടാവാമെന്നും”ഷോബി തിലകൻ പറഞ്ഞു.















