ന്യൂഡൽഹി: വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്ക് റിക്രൂട്ട് ചെയ്ത യുവാക്കൾക്ക് നിയമനകത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റോസ്ഗർ മേളയുടെ ഭാഗമായി 71,000 നിയമന കത്തുകളാണ് പ്രധാനമന്ത്രി വിതരണം ചെയ്തത്.
പുതുതായി നിയമിതരായവരെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇത് യുവാക്കളുടെ ജീവിതത്തിലെ പുതിയ തുടക്കമാണെന്ന് പറഞ്ഞു. “യുവാക്കളുടെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ഈ നിയമന കത്തുകൾ. കഴിഞ്ഞ പത്ത് വർഷമായി റോസ്ഗർ മേളയിലൂടെ പത്ത് ലക്ഷത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാരിന്റെ ഭാഗമാകാനുള്ള അവസരം ഞങ്ങൾ നൽകി. ലക്ഷക്കണക്കിന് യുവാക്കളാണ് ഇന്ന് സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നത്”.
“ഇന്ന് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറിയിരിക്കുകയാണ്. അതിന് കാരണം നമ്മുടെ രാജ്യത്തെ യുവാക്കളാണ്. യുവാക്കളുടെ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും കഴിവിലൂടെയുമാണ് രാജ്യം പുരോഗതി കൈവരിക്കുന്നതെന്നും” പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ്പാണ് റോസ്ഗർ മേള. രാഷ്‌ട്ര നിർമാണത്തിലും സ്വയം ശാക്തീകരണത്തിലും യുവാക്കൾക്ക് അവസരം നൽകുക എന്നതാണ് റോസ്ഗർ മേള ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. രാജ്യത്തെ 45 സ്ഥലങ്ങളിലായാണ് റോസ്ഗർ മേള നടക്കുന്നത്.