എറണാകുളം: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരായ ലൈംഗികാരോപണ കേസിൽ കുറ്റപത്രം സമർപ്പിച്ചു. വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തൃശൂർ വടക്കാഞ്ചേരിയിൽ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വച്ച് നടിയെ ബലാത്സഗം ചെയ്തുവെന്നാണ് മുകേഷിനെതിരായ കേസ്. വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥ ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. മുപ്പത് സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്.
നടൻ ഇടവേള ബാബുവിനെതിരായ പീഡനാരോപണ കേസിലും കുറ്റപത്രം സമർപ്പിച്ചു. ‘അമ്മ’യിൽ അംഗത്വം എടുക്കുന്നതിന് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടുവെന്ന നടിയുടെ പരാതിയിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.