ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. നിരവധി സർപ്രൈസുകൾ ഒളിപ്പിക്കുന്ന വിധത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
കുടുംബചിത്രമായി എത്തുന്ന നാരായണീന്റെ മൂന്നാണ്മക്കൾ ജനുവരി 16-ന് തിയേറ്ററുകളിലെത്തും. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ശരൺ വേണുഗോപാലാണ് സംവിധാനം ചെയ്യുന്നത്.
ആസിഫ് അലി നായകനായ ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ഗുഡ്‌വിൽ എന്റർടൈൻമെന്റ് നിർമിക്കുന്ന ചിത്രമാണിത്. തോമസ് മാത്യു, ഗാർഗി അനന്തൻ, ഷെല്ലി, സജിത മഠത്തിൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
കൊയിലണ്ടി ഗ്രാമവും അവിടെയുള്ള ഒരു തറവാട് വീടുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. രസകരവും ഹൃദയസ്പർശവുമായ മുഹൂർത്തങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. പ്രൗഢി നിറഞ്ഞ ഒരു തറവാട്ടിലെ കാരണവരായ നാരായണിയമ്മയുടെ മൂന്നാണ്മക്കളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റ പ്രമേയം.















