ആലപ്പുഴ: കരുവാറ്റയിലെ എടിഎമ്മിൽ നിന്നും വിദഗ്ധമായി പണം കവർന്ന് മുങ്ങിയ പ്രതികൾ പിടിയിൽ. ഉത്തരേന്ത്യക്കാരായ രണ്ട് യുവാക്കളാണ് പിടിയിലായത്. മധ്യപ്രദേശ് ജബൽപുർ സ്വദേശി ധർമേന്ദ്ര സാഹു (34), ഉത്തർപ്രദേശ് കാൺപൂർ സ്വദേശി രാഹുൽ മോറിയ (35) എന്നിവരെയാണ് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 38 എടിഎം കാർഡുകളും പിടിച്ചെടുത്തു. എടിഎം കവർച്ച ലക്ഷ്യമിട്ട് നടക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിലെ കണ്ണികളാകാം പ്രതികളെന്നാണ് പൊലീസിന്റെ സംശയം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ പ്രതികൾ കരുവാറ്റയിലെ സ്വകാര്യ എടിഎമ്മിൽ നിന്നും പതിനായിരം രൂപ കവർന്നത്. സ്ഥിരം കണ്ടുവരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായാണ് പണം കവർന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇവരുടെ തട്ടിപ്പിന്റെ രീതി പുറത്തുകൊണ്ടുവന്നത്. എടിഎം കാർഡ് ഇട്ട ശേഷം മെഷീനിന്റെ മുൻഭാഗം തുറന്നാണ് പണം കവർന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ എത്തിയ സ്കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. പ്രതികളുടെ ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടറിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത് അന്വേഷണത്തിന് സഹായകമായി. കലവൂരിൽ നിന്ന് വാടകയ്‌ക്കെടുത്ത സ്കൂട്ടർ തിരികെ നൽകാൻ എത്തിയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികൾ പണവുമായി ഉത്തർപ്രദേശിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.















