ന്യൂഡൽഹി: ചന്ദ്രനിൽ ബഹിരാകാശ സഞ്ചാരിയെ ഇറക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളുടെ വർഷം കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
2024 എന്ന വർഷം ഇസ്രോയെ സംബന്ധിച്ചിടത്തോളം വളരെ മികച്ചതായിരുന്നു. നിറവേറ്റാൻ കഴിഞ്ഞ ദൗത്യങ്ങളുടെ കാര്യത്തിലായാലും പ്രധാനമന്ത്രിയുടെ നിർദേശങ്ങൾക്ക് അനുസൃതമായി ഇസ്രോ സജ്ജമാക്കിയ ഭാവി പദ്ധതികളുടെ കാര്യത്തിലായാലും ഈ വർഷം വളരെ മികച്ചതായിരുന്നു. ബഹിരാകാശ മേഖലയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് അടുത്ത 25 വർഷത്തേക്കുള്ള പദ്ധതിയും ദർശനവും ഒരു ബഹിരാകാശ ഏജൻസി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇസ്രോ ചെയർമാൻ പറഞ്ഞു.
സ്വന്തം ബഹിരാകാശ നിലയമായ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ 2035-ഓടെ സ്ഥാപിക്കുക. ബഹിരാകാശ നിലയത്തിന്റെ മൊഡ്യൂൾ വിക്ഷേപണം 2028ൽ. 2035-ഓടെ നിലയത്തിന്റെ പൂർണ്ണമായ പ്രവർത്തന വിന്യാസത്തിന് കളമൊരുക്കുക. 2040-ഓടെ ചന്ദ്രനിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയുടെ കാൽവെപ്പ്, എന്നിങ്ങനെയാണ് ഇന്ത്യയുടെ റോഡ്മാപ്പ്.
സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷം ഇന്ത്യ ആഘോഷിക്കുമ്പോൾ, ചന്ദ്രനിൽ ഇന്ത്യൻ പതാകയുണ്ടാകും. ഭാരതത്തിലെ ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ കാലുകുത്തുകയും ത്രിവർണ പതാക സ്ഥാപിക്കുകയും സുരക്ഷിതമായി മടങ്ങിവരികയും ചെയ്യും. അത് 2040-ൽ സംഭവിക്കണമെന്നാണ് ലക്ഷ്യമിടുന്നതെന്നും സോമനാഥ് പറഞ്ഞു. ഇതിനെല്ലാം മുന്നോടിയായി മറ്റ് ചാന്ദ്രദൗത്യങ്ങൾ നടക്കും. ചന്ദ്രനിൽ നിന്ന് സാമ്പിളെടുത്ത് ഭൂമിയിലേക്ക് കൊണ്ടുവരുന്ന ചന്ദ്രയാൻ-4 ഉൾപ്പെടെയുള്ള ദൗത്യങ്ങൾ അതിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
31,000 കോടി രൂപയുടെ റെക്കോർഡ് ധനസഹായം ഇസ്രോയ്‌ക്ക് നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു. അടുത്ത 15 വർഷത്തേക്ക് ഇന്ത്യ നടപ്പിലാക്കാൻ പോകുന്ന ബഹിരാകാശ പദ്ധതികൾക്ക് വേണ്ടിയാണിത്. ബഹിരാകാശ മേഖലയിൽ ഇന്ത്യ അതിവേഗം വളർച്ച കൈവരിക്കുന്ന സാഹചര്യത്തിലാണ് ഇസ്രോയ്‌ക്ക് ശക്തമായ പിന്തുണ സർക്കാർ നൽകാനിടയായത്.