ന്യൂഡൽഹി: ഫിഡെ വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ പുതിയ ലോക ചെസ് ചാപ്യൻ ഡി ഗുകേഷ് പങ്കെടുക്കില്ല. ചെന്നൈയിൽ നടന്ന വേലമ്മാൾ നെക്‌സസിന്റെ അനുമോദന ചടങ്ങിലാണ് താരം മത്സരത്തിൽ നിന്ന് പിന്മാറിയ വിവരം സ്ഥിരീകരിച്ചത്. ഡിസംബർ 26 മുതൽ 31 വരെ ന്യൂയോർക്കിലാണ് വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കുന്നത്.
ഫിഡെ പുറത്തുവിട്ട ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവരുടെ പട്ടികയിലും ഡി ഗുകേഷിന്റെ പേരുണ്ടായിരുന്നില്ല. ഇതോടെ ചാമ്പ്യൻഷിപ്പിൽ കാൾസൺ- ഗുകേഷ് പോരാട്ടം കാണാൻ കാത്തിരുന്ന ആരാധകർക്ക് അടുത്തവർഷം വരെ കാത്തിരിക്കേണ്ടിവരും. അടുത്തവർഷം മെയിൽ നടക്കുന്ന നോർവേ ചെസ്സിൽ പങ്കെടുക്കുമെന്ന് ഇരുവരും സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുകേഷിന്റെ അഭാവത്തിൽ അർജുൻ എറിഗൈസി, ആർ പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി, അരവിന്ദ് ചിത്തംബരം, കൊനേരു ഹംപി, ദ്രോണവല്ലി ഹരിക, ദിവ്യ ദേശ്മുഖ്, ആർ വൈശാലി, വന്തിക അഗർവാൾ തുടങ്ങിയവർ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.















