തിരുവനന്തപുരം: ബാലരാമപുരത്ത് പെൻഷൻ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു. പുന്നക്കാട് സ്വദേശിയായ 42-കാരൻ ലെനിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലരാമപുരം പുന്നക്കാട് സരസ്വതിയുടെ വീട്ടിൽ ക്ഷേമ പെൻഷൻ നൽകുന്നതിനിടയിലാണ് ലെനിന് നെരെ ആക്രമണമുണ്ടായത്. വീടിന് സമീപത്തെ പുരയിടത്തിൽ നിന്ന് പിറകിലൂടെ വന്ന അക്രമി മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് തലയ്‌ക്ക് വെട്ടി പരിക്കേൽപ്പിക്കുകയും ആയിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി ലെനിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കേസെടുത്ത ബാലരാമപുരം പൊലീസ് ആശുപത്രിയിലെത്തി ലെനിന്റെ മൊഴി രേഖപ്പെടുത്തി. പുന്നക്കാട് സ്വദേശിയായ അച്ചു എന്ന യുവാവാണ് വെട്ടിപ്പരിക്കേൽപ്പിച്ചത് എന്നാണ് സൂചന. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ബാലരാമപുരം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരാനാണ് പരിക്കേറ്റ ലെനിൻ.