തിരുവനന്തപുരം: പ്രാർത്ഥനകളോടെ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഓർമ പുതുക്കി വിശ്വാസികൾ. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും പാതിരാകുർബാനയും നടന്നു. തിരുവനന്തപുരം ലൂർദ് പള്ളിയിൽ കുർബാന ശുശ്രൂഷകൾക്ക് കർദിനാൾ ജേക്കബ് കൂവക്കാട് നേതൃത്വം നൽകി.
പാതിരാ കുർബാനകളിൽ വൻതിരക്കായിരുന്നു പലയിടത്തും അനുഭവപ്പെട്ടത്. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാനയ്‌ക്ക് നേതൃത്വം നൽകി. വയനാട് ദുരന്തം പരാമർശിച്ച അദ്ദേഹം മാസങ്ങൾ പിന്നിട്ടിട്ടും പുനരധിവാസം ഇനിയും വിദൂരമായി തുടരുകയാണെന്നും ഈ ഘട്ടത്തിൽ സത്രത്തിൽ സ്ഥലം നിഷേധിക്കപ്പെട്ട ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഓർക്കണമെന്നും വിശ്വാസികളോട് പറഞ്ഞു.
സ്നേഹ സന്ദേശവുമായി എറണാകുളം സെൻ്റ് ഫ്രാൻസിസ് കത്തീഡ്രലിലും പാതിരാകുര്‍ബാന നടന്നു.ആയിരക്കണക്കിന് വിശ്വാസികളാണ് കുർബാനയിൽ പങ്കെടുത്തത്. വരാപ്പുഴ അതിരൂപത മേജർ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തി പറമ്പിലിന്റെ കാർമികത്വത്തിലാണ് തിരുപ്പിറവി ശ്രുശ്രൂഷകൾ നടന്നത്.