തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. കേസിന്റെ കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ടിവി പ്രശാന്ത് നവീൻ ബാബുവിന് കൈക്കൂലി നൽകിയതിന് തെളിവുകളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രശാന്തിന്റെ മൊഴി മാത്രമാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. ആരോപണങ്ങൾക്കപ്പുറം തെളിവ് ഹാജരാക്കുന്നതിൽ പ്രശാന്തും പരാജയപ്പെട്ടുവെന്ന് വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. കൈക്കൂലി ആരോപണക്കേസിൽ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്പിയാണ് അന്വേഷണം നടത്തിയത്. പ്രശാന്ത് എഡിഎമ്മിന്റെ ക്വട്ടേഴ്‌സിൽ എത്തിയെന്ന മൊഴിയും ദൃശ്യങ്ങളുമുണ്ടെങ്കിലും ഇതിനുശേഷം എന്ത് സംഭവിച്ചുവെന്നതിന് തെളിവില്ല.
നവീൻബാബുവും എഡിഎമ്മും പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഇതിനുശേഷമാണ് കൂടിക്കാഴ്‌ച നടന്നതെന്നും റിപ്പോർട്ടിലുണ്ട്. പെട്രോൾ പമ്പിന് എൻഒസി ലഭിക്കുന്നത് ഒക്ടോബർ എട്ടിനാണ്. ഒക്ടോബർ പത്തിനാണ് പ്രശാന്തിന്റെ ബന്ധു കൈക്കൂലി ആരോപണം കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയെ അറിയിക്കുന്നത്.
പ്രശാന്തിന്റെ മൊഴിയെടുത്ത ഒക്ടോബർ 14 ന് തന്നെയാണ് വിവാദമായ യാത്രയയപ്പ് ചടങ്ങ് നടന്നതും. പിറ്റേദിവസമാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. പ്രശാന്തിന്റെ മൊഴിയെടുത്ത വിവരം നവീൻ ബാബു അറിഞ്ഞിരുന്നില്ലെന്ന് വിജിലൻസ് പറയുന്നു. കൈക്കൂലി നൽകിയെന്ന മൊഴി വ്യാജമാണെന്ന് തെളിഞ്ഞിട്ടില്ലാത്തതിനാൽ പ്രശാന്തിനെതിരെയും കേസെടുക്കാൻ വകുപ്പില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.