എറണാകുളം: മുനമ്പം വഖ്ഫ് വിഷയത്തിൽ ഹൈബി ഈഡൻ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലം അതിരൂപതയിലെ മുതിർന്ന വൈദികൻ. രാഷ്‌ട്രീയ നേട്ടത്തിനായി ഹൈബി ഈഡൻ സത്യം സത്യം മറച്ചുവെക്കുകയാണെന്ന് ഫാദർ റോമൻസ് ആന്റണി പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ അഭിമുഖീകരിക്കാൻ കെൽപ്പില്ലാത്തതിലാണ് കോൺഗ്രസ് എംപി മുനമ്പം സന്ദർശിക്കാൻ തയ്യാറാകാത്തതെന്ന് കരുനാഗപ്പള്ളിയിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജൻ ജാഗരൺ സദസിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന് നട്ടെല്ലില്ല. അതിനാൽ നിർണായകമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ചങ്കൂറ്റവും അവർക്ക് ഇല്ല. ഇച്ഛാശക്തിയില്ലാത്ത സർക്കാരിന് ജനങ്ങൾക്ക് നീതി ഉറപ്പാക്കാനാകില്ല. വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന് ആറുമാസം പിന്നിട്ടിട്ടും നഷ്ടം ഓഡിറ്റ് ചെയ്യുകയോ പൂർണമായി വിലയിരുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുനമ്പം വിഷയം വർഗീയവൽക്കരിക്കുകയാണെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണത്തെയും അദ്ദേഹം വിമർശിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി ഒരു വിഭാഗം ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ല. മുനമ്പം ജനതയെ കുടിയിറക്കാൻ ശ്രമിച്ചാൽ തീരദേശത്തെ മുഴുവൻ ജനങ്ങളും പിന്തുണയുമായി അണിനിരക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.