ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാർഷികത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാജ്പേയിയെ ഭാരതത്തിന്റെ പരിവർത്തനശിൽപിയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭവനകളെ സ്മരിച്ചു.
ഭാരതത്തിന്റെ പുരോഗതിയുടെ വഴികാട്ടിയാണ് അടൽ ബിഹാരി വാജ്പേയിയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. “ശക്തവും സ്വാശ്രയവുമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിന് വേണ്ടി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ശക്തമായ ദൃഢനിശ്ചയത്തിലൂടെയാണ് രാജ്യം പുരോഗതി കൈവരിച്ചത്”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഡൽഹിയിലെ സദൈവ് അടൽ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരും ആദരം അർപ്പിക്കാനെത്തി.
കവി, നയതന്ത്രജ്ഞൻ, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ വ്യക്തി മുദ്രപതിപ്പിച്ച നേതാവായിരുന്നു അടൽ ബിഹാരി വാജ്പേയി. ആർഎസ്എസ് പ്രചാരകനിൽ തുടങ്ങി ഇന്ത്യൻ പ്രധാനമന്ത്രിവരെ പതിറ്റാണ്ടുകൾ നീളുന്ന പൊതുജീവീതം. കാർഗിൽ യുദ്ധത്തിൽ അദ്ദേഹം സ്വീകരിച്ച നിർണായക തീരുമാനങ്ങൾ ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയിരുന്നു. വാജ്പേയിയുടെ പ്രവർത്തനങ്ങളും നിലപാടുകളും ഭാവി തലമുറകൾക്ക് എന്നും പ്രചോദനം പകരുന്നതാണ്.