ബംഗളൂരു: 25 വർഷം മുമ്പ് കാണാതായ കർണാടക സ്വദേശിനിയെ ഹിമാചൽ പ്രദേശിലെ വൃദ്ധസദനത്തിൽ കണ്ടെത്തി. 50 കാരിയായ സക്കമ്മ കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
കർണാടകയിലെ ബല്ലാരി സ്വദേശിയാണ് സക്കമ്മ. 25 വർഷം മുമ്പ് ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് കാണാതായത്. യാത്രയിൽ മക്കളും 25 കാരിയുടെ കൂടെയുണ്ടായിരുന്നു. ഇതിനിടെ അബദ്ധത്തിൽ ചണ്ഡീഗഡിലേക്കുള്ള ട്രെയിനിൽ മാറിക്കയറുകയും ഉത്തരേന്ത്യയിലെത്തുകയും ചെയ്തു. പിന്നാലെ സക്കമ്മയുടെ ജീവിതം ദുരിതക്കയത്തിലായി. ഒടുവിൽ സക്കമ്മ മാണ്ഡിയിലെ ഒരു വൃദ്ധസദനത്തിൽ അഭയം തേടി.
സക്കമ്മയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് കുടുംബം അന്ത്യകർമങ്ങളും നടത്തി.
അടുത്തിടെ ഒരു യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വൃദ്ധസദനം സന്ദർശിച്ചതാണ് വഴിത്തിരിവായത്. കന്നഡ സംസാരിക്കുന്ന അന്തേവാസിയുടെ വിവരം അദ്ദേഹം ചോദിച്ചറിഞ്ഞു. തുടർന്ന് അദ്ദേഹം കർണാടക സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. പിന്നാലെ കുടുംബം സക്കമ്മയെ കാണാൻ മാണ്ഡ്യയിലെത്തുകയും ചെയ്തു.