മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ഒരുക്കിയ ചിത്രം ബറോസിനെ പ്രശംസിച്ച് നടൻ മണിക്കുട്ടൻ. ഇന്ത്യൻ സിനിമയുടെ അഭിമാന നിമിഷമാണിതെന്നും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്നും മണിക്കുട്ടൻ പറഞ്ഞു. തിയേറ്ററിന് മുന്നിലെ ആരാധകരുടെ ആഘോഷത്തിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
‘ലാലേട്ടന്റെ അഭിനയ ജീവിതത്തിൽ പുതിയൊരു പൊൻതൂവൽ കൂടിയാണ് ഈ സിനിമ. ഈ ദിവസം, ആരാധകരോടൊപ്പം ആഘോഷമാക്കാനാണ് ഞാൻ എത്തിയിരിക്കുന്നതെന്ന് മണിക്കുട്ടൻ പറഞ്ഞു. പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയ ക്രിസ്മസ് സമ്മാനം എന്നാണ് ബറോസിനെ ആരാധകർ വിശേഷിപ്പിച്ചത്. ചിത്രത്തിലെ ബറോസ് എന്ന കഥാപാത്രത്തെ മലയാളത്തിൽ മറ്റൊരു നടനും ചെയ്യാനാകില്ലെന്നും പ്രേക്ഷകർ പറയുന്നു.
തിരുവനന്തപുരം ഏരിയസ് പ്ലസിൽ ആരാധകരുടെ വലിയ ആഘോഷങ്ങൾ ഉണ്ടായിരുന്നു. ഡ്രംസ് കൊട്ടിയും നൃത്തം ചെയ്തും ബറോസിന് ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകിയത്. ക്രിസ്മസ് ലാലേട്ടൻ കൊണ്ടുപോയി എന്നാണ് ആരാധകർ പറയുന്നത്.
“ലാലേട്ടൻ മുണ്ട് മടക്കുന്നതും പറന്നടിക്കുന്നതും പ്രതീക്ഷിച്ച് ആരും സിനിമ കാണാൻ പോകരുത്. ബറോസ് എന്ന കഥാപാത്രത്തെ മലയാളത്തിൽ മോഹൻലാലിനല്ലാതെ മറ്റാർക്കും ചെയ്യാനാകില്ല. അതിഗംഭീര ദൃശ്യവിരുന്നാണ് ബറോസിലൂടെ മോഹൻലാൽ പ്രേക്ഷകർക്ക് നൽകിയത്”.
“ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് നന്നായിരുന്നു. നൂറ്റാണ്ടുകളായി നിധി കാക്കുന്ന ഭൂതത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. നല്ല ത്രീഡി അനുഭവമാണ് ലഭിക്കുന്നത്. ഇങ്ങനെയൊരു സിനിമ മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടില്ല. കുട്ടികളോടൊപ്പം ധൈര്യമായി തിയേറ്ററിൽ പോയി കാണാൻ പറ്റിയ ചിത്രമാണ് മോഹൻലാൽ മലയാളികൾക്ക് സമ്മാനിച്ചതെന്നും പ്രേക്ഷകർ പറയുന്നു.