വാഷിംഗ്ടൺ : സാൻഡൽവുഡിന്റെ ഹാട്രിക് ഹീറോ, സൂപ്പർസ്റ്റാർ ശിവ രാജ്കുമാറിന് ഫ്ലോറിഡയിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ വിജയകരമായി ശസ്ത്രക്രിയ നടത്തി. ശിവണ്ണയുടെ ശസ്ത്രക്രിയ ആറുമണിക്കൂറോളം നീണ്ടു. ഇന്ത്യൻ വംശജനായ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഡോ. മുരുഗേഷിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ശിവണ്ണയെ പരിചരിക്കുന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നു, എന്ന് കുടുംബം അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. അമേരിക്കൻ സമയം രാവിലെ 8 മണിയോടെ അതായത് ഇന്ത്യൻ സമയം രാവിലെ 6 മണിയോടെയാണ് ശിവണ്ണയെ ഓപ്പറേഷൻ തിയറ്ററിലെത്തിച്ചത്. ഏകദേശം 6 മണിക്കൂറോളം ശസ്ത്രക്രിയ നടത്തി. ഭാര്യ ഗീത, മകൾ നിവേദിത, മരുമകൻ മധു ബംഗാരപ്പ എന്നിവർക്കൊപ്പമാണ് ശിവണ്ണ ആശുപത്രിയിൽ കഴിയുന്നത്.
ക്യാൻസർ ചികിത്സയിൽ കഴിയുന്ന ശിവണ്ണ ഒരാഴ്ച കൂടി ആശുപത്രിയിൽ ചികിത്സ തുടരും. വിദഗ്ധരായ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും ശിവണ്ണ. പിന്നീട് വീട്ടിലേക്ക് മാറും. ഒരു മാസം കൂടി അമേരിക്കയിലുള്ള ശിവരാജ്കുമാർ ജനുവരി 26ന് ഇന്ത്യയിലേക്ക് മടങ്ങും. മുഖ്യമന്ത്രി സിദ്ധരാമയ്യ ശിവണ്ണയുടെ ആരോഗ്യവിവരങ്ങൾ ഫോണിൽ ചോദിച്ചറിഞ്ഞു
ശിവരാജ്കുമാറിന്റെ ആരാധകർ, സഹപ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ ഉറച്ച പിന്തുണയ്‌ക്കും പ്രാർത്ഥനയ്‌ക്കും അദ്ദേഹത്തിന്റെ കുടുംബം നന്ദി അറിയിച്ചു. നടൻ സുഖം പ്രാപിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യഥാസമയം പങ്കിടുമെന്നും അവർ കൂട്ടിച്ചേർത്തു.
അതെ സമയം ശിവരാജ്‌കുമാറിന് വേണ്ടി കർണാടകയുടെ വിവിധഭാഗങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നു കൊണ്ടിരിക്കുകയാണ്.















