ഹൈദരാബാദ്: പുഷ്പ-2 പ്രീമിയർ ഷോയ്ക്ക് അല്ലു അർജുൻ എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കുടുംബത്തെ ചേർത്തുപിടിച്ച് പുഷ്പ-ടീം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുഞ്ഞിന് രണ്ട് കോടി രൂപ ധനസഹായം നൽകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇതിൽ ഒരു കോടി രൂപ അല്ലു അർജുനാണ് നൽകുക. 50 ലക്ഷം വീതം നിർമാതാവും സംവിധായകനും വഹിക്കും.
“ഡോക്ടർമാരോട് സംസാരിച്ചിരുന്നു.. കുട്ടി സുഖം പ്രാപിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.. ആ കുഞ്ഞിനെയും കുടുംബത്തെയും സഹായിക്കാൻ രണ്ട് കോടി രൂപ നൽകാൻ തീരുമാനിച്ചു. തെലങ്കാന ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ചെയർമാൻ ദിൽ രാജുവിന് തുക കൈമാറുകയാണ്”, ചലച്ചിത്ര നിർമ്മാതാവും അല്ലു അർജുന്റെ പിതാവുമായ അല്ലു അരവിന്ദ് ആശുപത്രിയിലെത്തി കുട്ടിയെ കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എട്ടുവയസുകാരനാണ് അപകടത്തിൽ പരിക്കേറ്റത്. ഡിസംബർ നാലിനായിരുന്നു സംഭവം. ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിലേക്ക് പ്രീമിയർ ഷോ കാണാൻ എത്തിയതായിരുന്നു എട്ടുവയസുകാരനും കുടുംബവും. തിരക്കിൽപ്പെട്ട് അമ്മ രേവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയും മകൻ ആശുപത്രിയിലാവുകയുമായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. നിലവിൽ ഓക്സിജൻ, വെന്റിലേറ്റർ സഹായങ്ങൾ മാറ്റിയെന്നും കുട്ടിയുടെ ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുണ്ടെന്നും പിതാവ് ഭാസ്കർ അറിയിച്ചു.
നേരത്തെ പുഷ്പയുടെ നിർമാണ കമ്പനി 50 ലക്ഷം രൂപയുടെ ചെക്ക് രേവതിയുടെ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് 2 കോടി രൂപ ധനസഹായം കൂടി നൽകാൻ തീരുമാനിച്ചത്.