ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ആത്മഹത്യാശ്രമം നടത്തി യുവാവ്. പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയ യുവാവിനെ പാർലമെന്റിന് മുൻപിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചു. 30 വയസ് തോന്നിക്കുന്ന ഇയാളെ തിരിച്ചറിയാനായിട്ടില്ല. ഗുരുതരമായ പൊള്ളലേറ്റെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സംഭവസ്ഥലത്ത് നിന്ന് പെട്രോളും കണ്ടെടുത്തിട്ടുണ്ട്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്.
ഫോറൻസിക് സംഘവും ഡൽഹി പൊലീസും സ്ഥലത്ത് പരിശോധന തുടരുകയാണ്. യുവാവ് പാർലമെന്റിന് മുന്നിൽ വരാനും അവിടെ നിന്ന് ആത്മഹത്യക്ക് ശ്രമിക്കാനും പ്രേരിപ്പിച്ചത് എന്താണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് യുവാവിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.















