ചെന്നൈ: അണ്ണാ സർവകലാശാല കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമം നടത്തിയ ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. സർവകലാശാലയുടെ സമീപത്ത് ബിരിയാണിക്കട നടത്തുന്ന കോട്ടൂർപുരം സ്വദേശിയാണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.
സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. വിദ്യാർത്ഥിനിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് പ്രതികൾ കാമ്പസിനുള്ളിലേക്ക് എത്തിയത്. കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ മർദ്ദിച്ച് ബോധരഹിതനാക്കിയ ശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ വൻ പ്രതിഷേധമാണ് കാമ്പസിനുള്ളിൽ നടക്കുന്നത്. തമിഴ്നാട്ടിൽ ക്രമസമാധാനം പൂർണമായും തകർന്നുവെന്നും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വമില്ലെന്നും തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ വിമർശിച്ചു. സംസ്ഥാനത്ത് ദിവസേനയുള്ള കൊലപാതകങ്ങളും മയക്കുമരുന്ന് കടത്ത് വർദ്ധിക്കുന്നുണ്ടെന്നും സർക്കാരിനെയും പൊലീസിനിയും സാമൂഹികവിരുദ്ധർക്ക് ഭയമില്ലെന്നും അണ്ണാമലൈ പറഞ്ഞു.
നാല് പ്രത്യേക സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഒളിവിൽ കഴിയുന്ന പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.















