മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. മലയാളികൾ കാത്തിരുന്ന ബറോസിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ ശേഷം വികാരാധീനനായി മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന മേജർ രവിയുടെ വീഡിയോ വൈറലാവുകയാണ്.
സംവിധായകൻ മോഹൻലാൽ എന്ന് സ്ക്രീനിൽ എഴുതി കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞുവെന്ന് മേജർ രവി പറഞ്ഞു. ‘കഴിഞ്ഞ 47 വർഷമായി ഒരു നടനായി നമ്മൾ അദ്ദേഹത്തെ സ്ക്രീനിൽ കാണുന്നുണ്ട്. എന്റെ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഇത്ര വലിയ കഴിവുകൾ ഉണ്ടായിട്ടും നമ്മുടെ ജോലിയിൽ ഇടപ്പെട്ടിട്ടില്ലല്ലോ, എന്നാണ് ബറോസ് കണ്ട എന്നെ പോലൊരു സംവിധായകൻ ഇപ്പോൾ ആലോചിക്കുന്നത്’.
ലാലേട്ടനും മമ്മൂക്കയും നമ്മുടെ ഷോട്ടുകളിലൊന്നും ഇടപെടാറില്ല. അത് നമുക്ക് അവർ തരുന്ന സ്വാതന്ത്ര്യമാണ്. അത് ആലോചിക്കുമ്പോൾ കണ്ണ് നിറയുന്നു. ഒരുപാട് സന്തോഷമുണ്ടെന്നും മേജർ രവി പറഞ്ഞു.
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ഒരുക്കിയ ബറോസിനെ പ്രേക്ഷകഹൃദയങ്ങൾ ഏറ്റെടുത്തുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. മോഹൻലാൽ മലയാളികൾക്ക് നൽകിയ ക്രിസ്മസ് സമ്മാനമാണെന്നും ചിത്രത്തിന്റെ മേക്കിംഗും പശ്ചാത്തലസംഗീതവും ഹോളിവുഡ് സ്റ്റൈലിലുള്ളതാണെന്നുമാണ് പ്രേക്ഷകാഭിപ്രായം.