ന്യൂഡൽഹി: 36 വർഷം നീണ്ട നിരോധനത്തിന് അന്ത്യംകുറിച്ച് ‘ചെകുത്താന്റെ വചനങ്ങൾ‘ (The Satanic Verses) ഇന്ത്യയിൽ വിപണി ആരംഭിച്ചു. ബ്രിട്ടീഷ് നോവലിസ്റ്റായ സൽമാൻ റുഷ്ദിയുടെ (Salman Rushdie) വിവാദ പുസ്തകം രാജീവ് ഗാന്ധി സർക്കാരായിരുന്നു ഇന്ത്യയിൽ വിലക്കിയത്. മതനിന്ദയുണ്ടെന്ന് ഇസ്ലാം മതനേതാക്കൾ ആരോപിക്കുന്ന പുസ്തകത്തിന്റെ ലിമിറ്റഡ് സ്റ്റോക്ക് നിലവിൽ ലഭ്യമാണ്. രാജ്യതലസ്ഥാനത്തെ ബാഹ്രിസൺസ് ബുക്ക്സെല്ലേഴ്സിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുസ്തകവിൽപ്പന ആരംഭിച്ചിട്ടുണ്ട്. നല്ല രീതിയിൽ വിറ്റഴിയുന്നുണ്ടെന്ന് ബാഹ്രിസൺസ് ബുക്ക്സെല്ലേഴ്സ് ഉടമ രജിനി മൽഹോത്ര പ്രതികരിച്ചു. 1,999 രൂപയാണ് നിരക്ക്. രാജ്യത്ത് ബാഹ്രിസൺസ് ബുക്ക്സെല്ലേഴ്സ് മാത്രമേ ചെകുത്താന്റെ വചനങ്ങൾ നിലവിൽ വിൽക്കുന്നുള്ളൂവെന്നതും ശ്രദ്ധേയമാണ്.
പുസ്തകം ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് നിലനിൽക്കുന്നില്ലെന്ന് കഴിഞ്ഞ നവംബറിലായിരുന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയത്. വിവാദ നോവലിന് ഏർപ്പെടുത്തിയ വിലക്ക് സംബന്ധിച്ച വിജ്ഞാപനം ഹാജരാക്കാൻ അധികൃതർക്ക് കഴിയാതെ പോയതോടെ നിരോധനം നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. 1988 ഒക്ടോബർ അഞ്ചിനായിരുന്നു ചെകുത്താന്റെ വചനങ്ങളുടെ ഇറക്കുമതി രാജീവ് ഗാന്ധി സർക്കാർ വിലക്കിയതും ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതും.
സൽമാൻ റുഷ്ദിയുടെ ഈ പുസ്തകം ലോകമെമ്പാടും വലിയ ചലനങ്ങളും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇറാനിയൻ നേതാവ് റുഹൊള്ളാ ഖൊമേനി ഫത്വ പുറപ്പെടുവിക്കുകയും റുഷ്ദിയേയും പ്രസാധകരെയും വകവരുത്താൻ മുസ്ലീങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നുള്ള പത്ത് വർഷം യുകെയിലും യുഎസിലുമായി റുഷ്ദിക്ക് ഒളിച്ചുജീവിക്കേണ്ടി വന്നു. 1991 ജൂലൈയിൽ നോവലിന്റെ ജാപ്പനീസ് വിവർത്തകനായ ഹിതോഷി ഇഗരാഷി തന്റെ ഓഫീസിൽ വച്ച് കൊല്ലപ്പെട്ടു. 2022 ഓഗസ്റ്റ് 12ന് നടന്ന വധശ്രമത്തിൽ നിന്ന് റുഷ്ദി കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. ലെബനീസ്-അമേരിക്കൻ വംശജനെത്തി റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു.