ചെന്നൈ: അണ്ണാ സർവ്വകലാശാല കാമ്പസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സ്റ്റാലിൻ സർക്കാർ പരാജയപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചു. സർക്കാരിനെതിരെ ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച പ്രവർത്തകരെ സ്റ്റാലിൻ പൊലീസ് അറസ്റ്റ് ചെയ്തു.
കാമ്പസിനുള്ളിൽ പോലും പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയാണെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത നാടായി മാറിയെന്നും അണ്ണാമലൈ ആരോപിച്ചു. വള്ളുവർകോട്ടത്ത് രാവിലെ 10 മണിയോടെയാണ് മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷയുമായ തമിഴിസൈ സൗന്ദരരാജന്റെ നേതൃത്വത്തിൽ വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞങ്ങളുടെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമമെന്നും അങ്ങേയറ്റം നിഷ്ഠൂരമായ നടപടിയാണെന്നും തമിഴിസൈ സൗന്ദരരാജൻ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നിതിനിടെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രവർത്തകരെ അഭിസംബോധന ചെയ്യാനെത്തിയപ്പോഴാണ് തമിഴിസൈ സൗന്ദരരാജനെ അറസ്റ്റ് ചെയ്‌തെന്നും പ്രതിഷേധങ്ങളെ നിശബ്ദമാക്കാനാണ് സ്റ്റാലിൻ സർക്കാരിന്റെ നീക്കമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ നാഗരാജൻ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
എഐഎഡിഎംകെ പ്രവർത്തകരും സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 23 ന് വൈകിട്ടാണ് അണ്ണാ സർവ്വകലാശാല കാമ്പസിനുള്ളിൽ പെൺകുട്ടി പീഡനത്തിന് ഇരയാകുന്നത്. ഇന്നലെ പ്രതിഷേധം ശക്തമായതോടെ കാമ്പസിന് പുറത്ത് ബിരിയാണി കച്ചവടം ചെയ്യുന്ന ഒരാളെ അറസ്റ്റ് ചെയ്തുവെന്നും ഇയാൾ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിക്കുകയായിരുന്നു.















