ഇന്ത്യ തെരയുന്ന കൊടും ഭീകരൻ മൗലാന മസൂദ് അസ്ഹറിന് ഹൃദയാഘാതമെന്ന് സൂചന. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവനെ ആശുപത്രിയിലേക്ക് മാറ്റിയന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഹൃദയാഘാതമുണ്ടാകുമ്പോൾ ഇയാൾ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയിലായിരുന്നു എന്നാണ് സൂചന. ഇയാളെ ഇവിടെ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭീകരനെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരെ ഇസ്ലാമബാദിൽ നിന്ന് കറാച്ചിയിലേക്ക് കാെണ്ടുപോയെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താൻ തണലൊരുക്കുന്ന നിരവധി ഭീകര സംഘടനകളിൽ ഒന്നായ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകനും തലവനുമാണ് മൗലാന മസൂദ് അസ്ഹർ. മുംബൈ ഭീകരാക്രമണത്തിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഈ കൊടും ഭീകരൻ.
ഇതടക്കം ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ പിന്നിലും ജെയ്ഷെയും മസൂദ് അസ്ഹറുമാണ്. പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണത്തിൽ വരെ പ്രതിയാണ് ഇയാൾ പാകിസ്താൻ ഒരുക്കിയ സുരക്ഷിത താവളത്തിലാണ് കഴിയുന്നത്. പഠാൻകോട്ടിലെ വിമാത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിലും ഇയാളുടെ കരങ്ങളുണ്ട്.















