ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടത്തിൽ കശ്മീരിനെ വികലമാക്കി ചിത്രീകരിച്ച കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഇത് ആദ്യത്തെ സംഭവമല്ലെന്നും ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കൊപ്പമാണ് കോൺഗ്രസ് എന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവാണിതെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു. കർണാടകയിലെ ബെലഗാവിയിലാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന്റെ വേദിയിലെ ബാനറിൽ പാക് അധീന കശ്മീരിനെയും (പിഒകെ) അക്സായ് ചിന്നിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയും തമിഴ്നാട് ഭരണകക്ഷിയുമായ ഡിഎംകെ സമാനമായ ഭൂപടം പുറത്തിറക്കിയതായി സുധാംശു ആരോപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 2020ലും കോൺഗ്രസ് എംപി ശശി തരൂർ 2022ലും ഇതുതന്നെയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സോറോസ് സീക്രട്ട് സർവീസിൽ നിന്നാണോ വരുന്നതെന്ന് സുധാംശു ത്രിവേദി കോൺഗ്രസിനോട് ചോദിച്ചു.
കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കണമെന്ന് വാദിക്കുന്ന യുഎസ് നിയമജ്ഞ ഇൽഹാൻ ഒമറിനെ പിന്തുണയ്‌ക്കുന്നയാളാണ് രാഹുൽ ഗാന്ധി. ഇതേ ആവശ്യമുന്നയിക്കുന്ന സോറോസിനൊപ്പമാണ് സോണിയയെന്നും സുധാംശു ത്രിവേദി ആരോപിച്ചു.
കശ്മീരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ച് ഇന്ത്യയുടെ പരമാധികാരത്തോട് തികഞ്ഞ അനാദരവാണ് കോൺഗ്രസ് കാട്ടിയത്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതെല്ലാം അവരുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണെന്നും കർണാടക ബിജെപി ഘടകം എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.















