മുംബൈ: നടുറോഡിൽ ആഡംബര കാറായ ലംബോർഗിനിക്ക് തീപിടിച്ച സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറുന്നു. ഇന്നലെ രാത്രി മുംബൈയിലെ തീരദേശ റോഡിലായിരുന്നു സംഭവം.
അപകടത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തേക്ക് അഗ്നിശമന സേനയുടെ യൂണിറ്റ് അയച്ചിരുന്നു. മുക്കാൽ മണിക്കൂറോളമെടുത്ത് തീയണച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ അപകടസമയത്ത് കാറിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ എങ്ങനെയാണ് തീ പടർന്നതെന്നോ വ്യക്തമായിട്ടില്ല.
രാത്രി 10.20 ഓടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു. റെയ്മണ്ട് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഗൗതം സിംഗാനിയ ആണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ലംബോർഗിനി പോലുളള ആഡംബര വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്ന സംഭവമാണിതെന്നും അദ്ദേഹം കുറിച്ചു. വിലയും പ്രചാരവും കണക്കിലെടുക്കുമ്പോൾ വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും പ്രതീക്ഷിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കാറിന്റെ പിൻഭാഗത്ത് ഉള്ളിൽ നിന്ന് തീ പിടിച്ചതും ഒരാൾ ഫയർ എക്സ്റ്റിഗ്യൂഷർ ഉപയോഗിച്ച് അണയ്‌ക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.