തിരുവനന്തപുരം: അർഹതയില്ലാതെ ക്ഷേമ പെൻഷൻ വാങ്ങിയ ജീവനക്കാർക്ക് സസ്പെൻഷൻ. 38 ജീവനക്കാരെയാണ് റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തത്. മണ്ണു പര്യവേക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചത്. ഇതാദ്യമായാണ് അനർഹമായി ക്ഷേമ പെൻഷൻ വാങ്ങിയതിന് ഇത്രയധികം പേർക്കെതിരെ നടപടിയുണ്ടാകുന്നതെന്ന പ്രത്യേകതയുമുണ്ട്.
പാർട്ട് ടൈം സ്വീപ്പർ, വില്ലേജ് അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകളിൽ ജോലി ചെയ്യുന്നവർ സസ്പെൻഡ് ആയവരിൽ ഉൾപ്പെടുന്നു. പല മാസങ്ങളിലായി 5,600 രൂപ മുതൽ 50,000 രൂപ വരെ ഇവർ പെൻഷനായി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. വിവിധ വകുപ്പുകളിലായി 1,500-ഓളം സർക്കാർ ജീവനക്കാർ ഇത്തരത്തിൽ പെൻഷൻ വാങ്ങിയിട്ടുണ്ട്. അനർഹമായി പെൻഷൻ വാങ്ങിയ ജീവനക്കാരിൽ നിന്ന് 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കുന്നതാണ്.















