മറുപടിയില്ലാത്ത ഒരു ഗോളിന് ജമ്മുകശ്മീരിനെ തകർത്ത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമി ടിക്കറ്റെടുത്ത് കേരളം. ക്വാർട്ടറിൽ 72-ാം മിനിട്ടിലാണ് കേരളത്തിന്റെ വിജയ ഗോൾ പിറന്നത്. നസീബ് റഹ്മാനാണ് വല കുലുക്കിയത്. ബംഗാളും മണിപ്പൂരും സെമിയിൽ കടന്നിരുന്നു. അവാസന ക്വാർട്ടറിൽ മേഘാലയ സർവീസസുമായി ഏറ്റുമുട്ടും.
ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ കേരളത്തിന്റെ ആക്രമണ മുനയൊടിക്കുന്ന ജമ്മുകശ്മീർ പ്രതിരോധത്തെയാണ് കണ്ടത്. രണ്ടാം പകുതിയിലും കേരളം ആക്രമണം അഴിച്ചുവിട്ടതോടെ ജമ്മു പ്രതിരോധത്തിൽ വിള്ളൽ വീഴുകയായിരുന്നു. ഗോൾ വീണപാടെ ജമ്മുകശ്മീർ ഉണർന്ന് കളിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം വിറച്ചില്ല. സന്തോഷ് ട്രോഫിയിൽ ഇതുവരെ ഏറ്റവുമധികം ഗോളുകൾ നേടിയതും ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയതും കേരളമാണ്. 29 ഗോളുകൾ എതിർ വലയിലെത്തിച്ചപ്പോൾ നാലെണ്ണമാണ് വാങ്ങിയത്.