കണ്ണൂർ: പട്ടികജാതി വിഭാഗത്തിൽപെട്ട യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റിൽ. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ജിജോ തില്ലങ്കേരിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതി നൽകാൻ വൈകിയത് ഭയം കൊണ്ടാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
നവംബർ 19-നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ സാധനം വാങ്ങാൻ എത്തിയ യുവതിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ജിജോ ശ്രമം ഉപേക്ഷിച്ചു. വിവരം പുറത്തറിഞ്ഞാൽ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
അടിപിടി, തടഞ്ഞുവയ്‌ക്കൽ, ആയുധമുപയോഗിച്ച് അപായപ്പെടുത്തൽ എന്നിവയുൾപ്പെടെ 23-ലധികം കേസുകളിലെ പ്രതിയാണ് ജിജോ. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതികളാണ് ആകാശും ജിജോയും. കഴിഞ്ഞ വർഷം ഇരുവരേയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.