ജപ്പാനീസ് വാഹന ബ്രാൻഡായ സുസുക്കിയെ നാല് പതിറ്റാണ്ട് നയിച്ച അമരക്കാരന് വിട. മുൻ ചെയർമാൻ ഒസാമു സുസുക്കി 94-ാം വയസിൽ വിട പറയുമ്പോഴും അദ്ദേഹം ലോകത്തിന് നൽകിയ സംഭാവനകൾ മറക്കാനാകില്ല. സുസുക്കിയെ വിജയത്തിന്റെ പടുവുകളിലേക്ക് നയിച്ചതിൽ പ്രധാനിയാണ് വിട പറയുന്നത്. സുസുക്കിയെന്ന പേരിനെ വിശ്വപ്രശസ്തമാക്കിയ, സുസുക്കിയുടെ ഇന്നത്തെ പ്രതാപത്തിന് പിന്നിലെ ചാലകശക്തിയെന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.
ഇന്ത്യയിൽ സുസുക്കി തഴച്ചുവളർന്നതും ചെറുകാറുകളിൽ മാരുതി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും ഒസാമുവിന്റെ കാലത്താണ്. കാലം പോകുന്തോറും കാറുകളുടെ വലുപ്പവും കൂടുന്ന സമയത്താണ് ചെലവ് കുറഞ്ഞ ചെറിയ കാറെന്ന വ്യത്യസ്ത ആശയം ഒസാമു പങ്കുവയ്ക്കുന്നത്. അതിനായി ലോകം ചുറ്റി, പുതിയ ബന്ധങ്ങൾ സൃഷ്ടിച്ചു. വിവിധ കരാറുകളിൽ ഒപ്പുവച്ചു. വടക്കേ അമേരിക്കയിലും യൂറോപ്പിലും വാഹനങ്ങൾ വിൽക്കുന്നതിനായി ജനറൽ മോട്ടോഴ്സ് കമ്പനിയുമായും ഫോക്സ്വാഗൺ AG-യുമായും ഒസാമു കൈകോർത്തു.
കേന്ദ്ര സർക്കാരുമായി ചേർന്ന് സംരംഭം ആരംഭിക്കാൻ സുസുക്കി മോട്ടോർ താത്പര്യം പ്രകടിപ്പിക്കുകയും കരാറിൽ ഒപ്പിടുകയും ചെയ്തു. അതോടെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള മാരുതി ഉദ്യോഗ് ലിമിറ്റഡ് പിറന്നത്. ഇതോടെ ഇന്ത്യ കാലെടുത്ത് വച്ചത് വാഹന ലോകത്തെ പരിണാമ കാലത്തേക്കായിരുന്നു.
1982-ൽ മാരുതി ഉദ്യോഗിൽ 26 ശതമാനം ഓഹരികൾ സ്വന്തമാക്കുകയും ചെയ്തു. 1983 ഡിസംബറിൽ ‘മാരുതി 800’ പുറത്തിറക്കി. ഞൊടിയിടയിലാണ് മാരുതി 800 ഇന്ത്യൻ വിപണി കീഴടക്കിയത്. നിലവിൽ ഇന്ത്യയിൽ ഏറ്റവും വലിയ വാഹന നിർമാതാക്കളാണ് സുസുക്കി. വിപണിയുടെ 40 ശതമാനത്തിലധികം വിഹിതം സുസുക്കിയുടേതാണ്.
പേരിനൊപ്പം സുസുക്കിയുണ്ടെങ്കിലും സുസുക്കി കുടുംബത്തിലെ ദത്തുപുത്രനാണ് ഒസാമു. പതിറ്റാണ്ടുകളോളം സുസുക്കി സാമ്രാജ്യത്തെ നയിക്കാൻ കാലം കരുതി വച്ച ‘ദത്തുപുത്രൻ’. സാധാരണ കർഷക കുടുംബത്തിൽ 1930 ജനുവരി 20-നാണ് ഒസാമുവിന്റെ ജനനം.
നിയമ പഠനത്തിന് ശേഷം ബാങ്കിൽ ജോലി ചെയ്യുന്നതിനിടെയാണ് സുസുക്കി സ്ഥാപകൻ മിഷിയോ സുസുക്കിയുടെ പേരക്കുട്ടി ഷോകോ സുസുക്കിയെ വിവാഹം ചെയ്യുന്നത്. ഇതോടെ പേരിനൊപ്പം സുസുക്കി കൂടിയായി. അനന്തരാവകാശിയാകാൻ കുടുംബത്തിൽ ആൺകുട്ടികൾ ഇല്ലാതിരുന്നതിനാലാണ് ദത്തെടുക്കൽ വിവാഹം നടത്തിയത്. അങ്ങനെയാണ് ജാപ്പനീസ് ആചാരം പ്രകാരം ഭാര്യയുടെ കുടുംബ പോരായ സുസുകി പേരിനൊപ്പം ചേർന്നത്.
1958-ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടോർ കോർപറേഷനിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജൂനിയർ മാനേജ്മെന്റ് തസ്തികയിലായിരുന്നു ആദ്യ നിയമനം. പടിപടിയായി 1963-ൽ ഡയറക്ടർ തലപ്പത്ത് ഒസാമു എത്തി. 1978-ൽ കമ്പനിയുടെ പ്രസിഡൻ്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി. 2000-ൽ ചെയർമാൻ സ്ഥാനത്തെത്തി. ഒരേ സമയം ചെയർമാൻ സ്ഥാനവും സിഇഒ പദവിയും വഹിച്ചു. 2015-ൽ മകൻ തോഷിഹിറോ സുസുകിക്ക് പ്രസിഡൻ്റ് സ്ഥാനം കൈമാറി.