ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മഴ കനക്കുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ ഡൽഹിയിൽ ഏറ്റവും അധികം മഴ മാസമാണ് ഡിസംബറെന്നും താപനില 14.6 ഡിഗ്രി സെൽഷ്യസിലേക്ക് കൂപ്പുകുത്തിയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെ ആരംഭിച്ച മഴ 24 മണിക്കൂർ നീണ്ടുനിന്നു. 9.1 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ ലഭിച്ചത്. സഫ്ദർജംഗിലെ നിരീക്ഷണ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ 30.2 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
ഡിസംബർ മാസത്തിലാകെ 42.8 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ ലഭിച്ചത്. 2009 മുതൽ 2024 വരെയുള്ള കണക്ക് പ്രകാരം ഏറ്റവും അധികം മഴ ലഭിച്ച ഡിസംബർ മാസമാണിത്. 1884-ലെ ഡിസംബറിലാണ് ഡൽഹിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മഴ പെയ്ത ഡിസംബർ, 134.4 മില്ലിമീറ്റർ മഴയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ഡൽഹിയിൽ പെയ്തിറങ്ങിയത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഡിസംബർ മാസത്തിലെ ഏറ്റവും തണുപ്പേറിയ ദിനമായിരുന്നു വ്യാഴാഴ്ചയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അന്നേ ദിവസം പകൽ സമയത്തെ കുറഞ്ഞ താപനില 9.5 ഡിഗ്രി സെൽഷ്യസായിരുന്നു. 24.1 ഡിഗ്രി സെൽഷ്യസായിരുന്നു കൂടിയ താപനില. കഴിഞ്ഞ വർഷം കുറഞ്ഞ താപനില 15.9 ഡിഗ്രി സെൽഷ്യസും 2022-ൽ 15.6 ഡിഗ്രി സെൽഷ്യസുമായിരുന്നു.
വൈകുന്നേരം നാല് മണിയിലെ കണക്കുകൾ പ്രകാരം 353-ലാണ് വായു ഗുണനിലവാര സൂചിക. ഡൽഹിയിൽ പലയിടങ്ങളിലും മഴ കനക്കുകയാണ്. മിക്കയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.















