മോഹൻലാൽ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ത്രീഡി ചിത്രം ബറോസിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തെത്തി. ഇതുവരെ 7.90 കോടിയാണ് ബറോസ് നേടിയത്. ഇന്ത്യയിൽ മാത്രം 5.05 കോടി നേടി. മലയാളത്തിൽ 4. 62 കോടിയാണ് ബറോസ് സ്വന്തമാക്കിയിരിക്കുന്നത്.
നിലവിൽ സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രം നേടുന്നത്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം പൂർണമായും കുട്ടികളെ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗും പശ്ചാത്തലസംഗീതവും മലയാളി പ്രേക്ഷകർക്ക് പുത്തൻ ദൃശ്യവിരുന്ന് നൽകുന്നുവെന്ന് ആരാധകർ പറയുന്നു.
മോഹൻലാലിനെ കൂടാതെ വിദേശ അഭിനേതാക്കളാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു മുത്തശ്ശി കഥ പോലെയാണ് ചിത്രത്തിന്റെ ആഖ്യാനം. പ്രൊഡക്ഷൻ ക്വാളിറ്റിയിൽ മികവ് പുലർത്താൻ ബറോസിന് സാധിച്ചു. കുട്ടികൾക്ക് വേണ്ടിയുള്ളതാണെന്ന് ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
ഹോളിവുഡ് സ്റ്റൈലിലാണ് ബറോസ് നിർമിച്ചിരിക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളത്തിൽ, ത്രീഡിയിൽ പുറത്തിറങ്ങിയ ചിത്രമാണിത്.