ന്യൂഡൽഹി: 2026 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ആപ്പിളിന്റെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയാകുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷം വിൽപ്പനയിൽ 20% വർദ്ധനവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഹുവായ് കമ്പനിയുടെ തിരിച്ചുവരവിന്റെ ഫലമായി ആപ്പിളിന്റെ ചൈനയിലെ വിപണി വിഹിതം ഇടിഞ്ഞിരുന്നു. അതിനാൽ വളർന്നുവരുന്ന ഇന്ത്യ പോലുള്ള വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്.
നിലവിൽ, ആപ്പിളിന്റെ വളർന്നുവരുന്ന വിപണികളിൽ ഇന്ത്യ ജപ്പാനെയും യുകെയെയും പിന്നിലാക്കി അഞ്ചാം സ്ഥാനത്താണ്. ആപ്പിൾ ഉൽപ്പന്നങ്ങളുടെ ലാഭകരമായ വിപണിയായി ഇന്ത്യ മാറി. പ്രീമിയം ഉൽപ്പന്നങ്ങളോടുള്ള ഇന്ത്യക്കാരുടെ മുൻഗണന വർദ്ധിച്ചതാണ് ഇതിനുപിന്നിലെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെ ആപ്പിളിന്റെ ഉപഭോക്തൃ അടിത്തറ വർദ്ധിക്കാൻ നിരവധി കാരണങ്ങളാണ് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇടത്തരം സാമ്പത്തിക വിഭാഗത്തിന് ആപ്പിളിന്റെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ താങ്ങാനാവുന്നതാക്കിത്തീർത്ത ഫിനാൻസിംഗ് ഓപ്ഷനുകൾ, ഉൽപന്നങ്ങളുടെ ഉത്സവ സീസണിലെ ഗണ്യമായ കിഴിവുകൾ എന്നിവ ഇന്ത്യയിലെ വിൽപ്പന വർദ്ധിക്കാൻ കാരണമായി.
ഈ വർഷം അവസാനത്തോടെ 12 ദശലക്ഷത്തിലധികം ഐഫോണുകൾ ആപ്പിൾ ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ ഐഫോൺ മോഡലുകളുടെ വിൽപ്പനയിൽ ഡിസംബർ അവസാനത്തോടെ നാല് ദശലക്ഷം യൂണിറ്റുകളുടെ വർദ്ധനവുണ്ടാക്കും. കൂടാതെ 2025-ഓടെ വിതരണം 14-15 ദശലക്ഷത്തിലെത്തിക്കുകയാണ് ലക്ഷ്യം.