ന്യൂഡൽഹി: ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ സുസുക്കിയുടെ മുൻ ചെയർമാൻ ഒസാമു സുസുക്കിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സുസുക്കിയുടെ പരിശ്രമങ്ങളും നേതൃത്വവും ഇന്ത്യയിലെ വാഹന നിർമാണത്തിൽ വിപ്ലവം സൃഷ്ടിച്ചുവെന്ന് ജയശങ്കർ എക്സിൽ കുറിച്ചു.
’ഇന്ത്യ- ജപ്പാൻ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് സുസുക്കി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹവുമായുള്ള എന്റെ കൂടിക്കാഴ്ചയും ചർച്ചകളും സ്നേഹത്തോടെ ഓർമിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുസുക്കി മോട്ടോർ കോർപ്പറേഷനിലെ സഹപ്രവർത്തകരുടെയും വിഷമത്തിൽ പങ്കുചേരുന്നു’- ജയശങ്കർ എക്സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും സുസുക്കിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ സുസുക്കിക്ക് സാധിച്ചെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ സുസുക്കി മോട്ടോർ കോർപറേഷൻ ആഗോള പവർഹൗസായി മാറിയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ലിംഫോമ എന്ന അസുഖം ബാധിച്ച് കഴിഞ്ഞ ദിവസമാണ് സുസുക്കി അന്തരിച്ചത്. ആഗോള വാഹന വിപണിയിലെ അതികായനായിരുന്നു അദ്ദേഹം.