ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സിനിമയിൽ സജീവമാകാനൊരുങ്ങി പ്രിയങ്ക ചോപ്ര. ബാഹുബലി, ആർആർആർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര തിരിച്ചുവരവിന് ഒരുങ്ങുന്നത്. തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനോടൊപ്പമാണ് താരം പുതിയ ചിത്രത്തിലെത്തുന്നത്.
ചിത്രം 2027-ൽ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. തിരക്കഥയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ ആറ് മാസമായി ചിത്രത്തിന് അനുയോജ്യമായ നായികയെ അന്വേഷിക്കുകയായിരുന്നു രാജമൗലി. ‘എസ്എസ്എംബി 29’ എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. അടുത്ത വർഷം ഏപ്രിലിലായിരിക്കും ചിത്രീകരണം ആരംഭിക്കുക. ഫാൻ്റസി ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നത്.
2026 അവസാനം വരെ ചിത്രീകരണം തുടരും. ഇന്ത്യയിലും യുഎസിലുമുള്ള സ്റ്റുഡിയോകളിലായി ചിത്രീകരണം നടക്കും. ആഫ്രിക്കൻ വനങ്ങളിലും ചിത്രീകരണം നടക്കുമെന്നാണ് റിപ്പോർട്ട്. രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്കും പ്രിയങ്ക ചോപ്രയുടെ ആരാധകർക്കും ഇരട്ടിമധുരമാണ് ‘എസ്എസ്എംബി 29’ നൽകുന്നത്. ദി സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര അവസാനമായി അഭിനയിച്ചത്.