ഇനി മുതൽ ഏത് യുപിഐ ആപ്പും ഡിജിറ്റൽ വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാം. കെവൈസിയുള്ള ഡിജിറ്റൽ വാലറ്റാണെങ്കിൽ ഇനി മുതൽ അത് എല്ലാ യുപിഐ തേർഡ് പാർട്ടി ആപ്പുകളുമായും ബന്ധിപ്പിച്ച് ഉപയോഗിക്കാനാകുമെന്ന് ആർബിഐ വ്യക്തമാക്കി. വാലറ്റുകൾ പരസ്പരം ബന്ധിപ്പിച്ച് യുപിഐ സംവിധാനത്തിൽ പ്രവർത്തിപ്പിക്കാനാകും.
കെവൈസി നടപടികൾ പൂർത്തിയാക്കിയിട്ടുള്ള ഡിജിറ്റൽ വാലറ്റുകൾക്കാണ് പുതിയ സൗകര്യമേർപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകൾക്കായിരുന്നു ഏത് യുപിഐ ആപ്പും ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നത്. പ്രീപെയ്ഡ് പേയ്‌മെന്റ് സേവന കമ്പനികൾ നൽകി വന്നിരുന്ന ഡിജിറ്റൽ വാലറ്റ്, ആ കമ്പനിയുടെ തന്നെ യുപിഐ ആപ്പുമായി ബന്ധിപ്പിക്കാൻ മാത്രമാണ് കഴിഞ്ഞിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ വാലറ്റുകൾ പരസ്പരം ബന്ധിപ്പിക്കാനാകും.
പ്രീപെയ്ഡ് പേയ്‌മെന്റ് സേവനം നൽകുന്ന കമ്പനികൾ ഡിജിറ്റൽ വാലറ്റുകളുടെ കെവൈസി നടപടികൾ കൃത്യമായി നടപ്പാക്കണമെന്നും മറ്റു തേർഡ് പാർട്ടി യുപിഐ ആപ്പുകൾ ബന്ധിപ്പിക്കാൻ സൗകര്യം ഒരുക്കണമെന്നും ആർബിഐ നിർദേശം നൽകിയിട്ടുണ്ട്.