ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സങ്കടം കലർന്ന സന്തോഷമാണ് തനിക്കുണ്ടായതെന്ന് നടി പാർവതി തിരുവോത്ത്. താനും ഒരു അതിജീവിതയാണെന്നും നേരിട്ട അനുഭവങ്ങൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും പാർവതി തിരുവോത്ത് പറഞ്ഞു. വയനാട് മാനന്തവാടിയിൽ നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
“എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുകൊണ്ട് ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. അതീജിവിത എന്നൊരു വ്യക്തിയുടെ ജീവിതത്തിൽ നിന്നാണ് എല്ലാവരുടെയും ജീവിതം മാറിയത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ അനുഭവങ്ങൾ തുറന്നുപറഞ്ഞ അതിജീവിതയാണ് ഞാൻ. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഓരോ തവണ പറയുമ്പോഴും അത് വിട്ടേയ്‌ക്ക് എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. ‘അത് വിട് പാർവതി, നമ്മൾ ഒരു കുടുംബമല്ലേ. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് സദ്യയൊക്കെ കഴിച്ച് സന്തോഷമായി ഇങ്ങനെ പോകാം’ എന്നാണ് നേതൃത്വം പറഞ്ഞത്”.
“ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ പുരുഷവിഗ്രഹങ്ങൾ ഉടഞ്ഞതിൽ എനിക്കും വേദന തോന്നിയിരുന്നു. 16 പേരടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് സംഘടന പിറന്നത്. പ്രശ്നങ്ങളും പരിഭവങ്ങളുമൊക്കെ പങ്കുവക്കുകയായിരുന്നു ആദ്യം ചെയ്തത്. അവിടെ നിന്നാണ് ഒരു കൂട്ടായ്മ ഉണ്ടായത്”.
“അനീതിയെ കുറിച്ച് ആളുകൾ വിശ്വസിച്ച് തുടങ്ങാൻ ഏഴ് വർഷത്തോളമെടുത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ ഡബ്ല്യൂസിസി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞു. അമ്മയിൽ ഉണ്ടായിരുന്നപ്പോൾ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ നേതൃത്വത്തിന് സാധിച്ചിരുന്നില്ല.
ആദ്യ പത്ത് വർഷത്തിനകം ഏറ്റവും കൂടുതൽ ചിത്രത്തിൽ അഭിനയിക്കണം, വയസ് കൂടുംതോറും സിനിമയിൽ അവസരം കുറയും എന്നൊക്കെയാണ് സിനിമാ മേഖലയിലേക്ക് കടന്നുവരുമ്പോൾ തന്നെ സ്ത്രീകൾക്ക് ലഭിക്കുന്ന ഉപദേശമെന്നും” പാർവതി തിരുവോത്ത് പറഞ്ഞു.















