മലയാളിയുടെ മാത്രമല്ല, ഇന്ത്യക്കാരുടെ ഭക്ഷണ പ്രേമവും ഇന്ത്യൻ വിഭവങ്ങളോടുള്ള ഇഷ്ടവും ലോകമെങ്ങും പ്രശസ്തമാണ്. ഒരു പക്ഷേ ഏറ്റവും ആസ്വദിച്ച് ആഹാരം കഴിക്കുന്നവർ ഇന്ത്യക്കാരാകും. വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളിൽ ബിരിയാണിയോടുള്ള പ്രിയം വാക്കുകൾക്ക് അതീതമാണ്, കണക്കുകൾക്കും! ഈ വർഷം ഇതുവരെ സോമാറ്റോയിലൂടെ മാത്രം ഓർഡർ ചെയ്തത് 9,13,99,110 പ്ലേറ്റ് ബിരിയാണിയാണ്. അതായത്, ഓരോ സെക്കൻഡിലും മൂന്ന് പ്ലേറ്റ് ബിരിയാണികൾ വരെ ഓർഡർ ലഭിച്ചെന്ന് സാരം!
തുടർച്ചയായി ഒൻപതാം വർഷമാണ് ബിരിയാണി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. പിസ്സയാണ് തൊട്ടുപിന്നിൽ. 5,84,46,908 പിസ്സയാണ് സോമാറ്റോ രാജ്യത്തിടനീളം വിളമ്പിയത്. ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ച പാനീയം ചായയാണ്. കാപ്പിയെ രണ്ടാം തവണയും ചായ കടത്തിവെട്ടി. 2024-ൽ 77,76,725 കപ്പ് ചായയാണ് സോമാറ്റോയിലൂടെ ഓർഡർ ചെയ്തത്. 74,32,856 പേരാണ് കോഫി ഓർഡർ ചെയ്തത്. സൊമാറ്റോയുടെ വാർഷിക റിപ്പോർട്ടിലാണ് ഈ രസകരമായ കണക്കുകളുള്ളത്.
ജനുവരി ഒന്നിനും ഡിസംബർ ആറിനും ഇടയിൽ,ഇന്ത്യക്കാർ സൊമാറ്റോ വഴി ഒരു കോടി 25 ലക്ഷത്തിലധികം ടേബിളുകളാണ് റിസർവ് ചെയ്തത്. ഇത്തവണ തിരക്കേറിയ ദിനങ്ങളിലൊന്നായിരുന്നു ഫാദേഴ്സ് ഡേ. 84,866 പേരാണ് അന്നേ ദിവസം ടേബിൾ റിസർവ് ചെയ്തത്. ബെംഗളൂരുവിലെ ഒരു ഫുഡ്ഡി അതിശയിപ്പിക്കുന്ന തുകയാണ് ഒറ്റ തവണ ആഹാരം കഴിക്കുന്നതിനായി ചെലവിട്ടത്. പേര് വെളിപ്പെടുത്താത്ത ഭക്ഷണപ്രിയൻ അഞ്ച് ലക്ഷം രൂപയുടെ ബില്ലാണ് ഒരു തവണ അടച്ചത്.
ഐആർസിടിസിയും സൊമാറ്റോയും സംയുക്തമായി ട്രെയിനുകളിൽ ഫുഡ് ഡെലിവറിംഗ് നടത്തുന്നുണ്ട്. ചില സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുമ്പോൾ ആഹാരം ഇരിക്കുന്ന ഇടത്ത് എത്തും. ഈ സേവനം ഉപയോഗിച്ച് ഒരാൾ ഒരേ സമയം 120 മഞ്ചൂരിയൻ ഓർഡർ ചെയ്തു. ഡൽഹിയാണ് ബജറ്റിന് അനുയോജ്യമായ ഭക്ഷണം ലഭിക്കുന്ന നഗരം. 195 കോടി രൂപയുടെ ഓഫറുകളാണ് ഡൽഹി നിവാസികൾക്ക് സൊമാറ്റോ നൽകിയത്. ബെംഗളൂരുവും മുംബൈയുമാണ് പിന്നിൽ.
ബ്ലിങ്കറ്റിലെ കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ഈ വർഷം 17 ദശലക്ഷം പായ്‌ക്കറ്റ് മാഗ്ഗിയാണ് ബ്ലിങ്കറ്റ് വഴി വിറ്റഴിച്ചത്. 10 ദശലക്ഷത്തിലധികം കൊക്കകോള ക്യാനുകൾ ബ്ലിങ്കിറ്റിൽ ഓർഡർ ചെയ്തു. തംസ് അപ്പ്, മാസ, സ്പ്രൈറ്റ് എന്നീ പാനീയങ്ങൾക്ക് പതിനായിരക്കണക്കിന് ഓർഡറുകളാണ് ലഭിച്ചത്.