കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു പ്രശാന്തന്റെ വാദം. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവരാവകാശ അപേക്ഷയ്‌ക്ക് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ ടിവി പ്രശാന്തന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് CMO നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്ന് കാണിച്ച് പ്രശാന്തൻ തെളിവ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിൽ പരാതിക്കാരന്റെ പേരും ഒപ്പും ഉൾപ്പടെ പലതും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ പരാതി വ്യാജമായി തയ്യാറാക്കിയതാണെന്ന് വ്യക്തമായി. എന്നാൽ പരാതി നൽകിയെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു പ്രശാന്തൻ. ഒടുവിൽ വിവരാവകാശ അപേക്ഷയ്‌ക്ക് നൽകിയ മറുപടിയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.
എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലാണ് അഴിമതിയാരോപണം ഉന്നയിക്കപ്പെട്ടത്. ടിവി പ്രശാന്തന് വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയായിരുന്നു അഴിമതി ആരോപിച്ചത്. യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തിയ പിപി ദിവ്യ, നവീൻ ബാബുവിനെ അപമാനിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു നവീൻ ബാബുവിന്റെ മരണം.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജി തീർപ്പാക്കിയത്.