പച്ചക്കറികൾ വീട്ടിൽ നടുമ്പോൾ ആവശ്യത്തിന് കായ്കൾ ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി. ചെടി വളർന്ന് പന്തലിച്ചാലും വല്ലപ്പോഴും മാത്രം കായ്കൾ ഉണ്ടാകുന്നു, രണ്ടോ മൂന്നോ പച്ചക്കറികൾ ഉണ്ടായിക്കഴിഞ്ഞാൽ അതോടെ ചെടി മുരടിച്ചുപോകുന്നു, എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പലരും നേരിടുന്നുണ്ടാകാം. ചെടികളുണ്ടായാൽ അവ തഴച്ചുവളരാനും വേണ്ടുവോളം പഴങ്ങളും പച്ചക്കറികളും നൽകാനും ഉഗ്രനൊരു വളം വീട്ടിൽ തന്നെ തയ്യാറാക്കാം. കുറഞ്ഞ ചെലവിൽ വളമുണ്ടാക്കുന്നത് ഇങ്ങനെ..
ഇതിന് പ്രധാനമായും മൂന്ന് ചേരുവകളാണ് വേണ്ടത്. ഗോതമ്പുപൊടി, ചാണകപ്പൊടി, ശർക്കര
വീട്ടിൽ ഗോതമ്പുപൊടി വാങ്ങുമ്പോൾ പാക്കറ്റിൽ അവസാനം വരുന്ന പൊടി പാചകം ചെയ്യാൻ തികയാത്ത സാഹചര്യത്തിൽ പലരും അത് അവിടെ വച്ച് പുതിയ പാക്കറ്റ് എടുക്കാറുണ്ട്. ഇത്തരത്തിൽ ബാക്കി വരുന്ന ഗോതമ്പുപൊടി, അൽപം പൂത്തുതുടങ്ങിയ ഗോതമ്പുപൊടി, കട്ടപിടിച്ചുപോയത് എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കാം. വിപണിയിൽ വിലകുറവിൽ ലഭിക്കുന്ന ഗോതമ്പുപൊടികളും ഉപയോഗിക്കാവുന്നതാണ്.
ചാണകപ്പൊടിക്ക് പകരം പച്ചച്ചാണകവും എടുക്കാം.
കടകളിൽ നിന്ന് വില കുറഞ്ഞ ശർക്കര വാങ്ങാം. മാർക്കറ്റുകളിൽ ഹോൾസെയിൽ ആയി ശർക്കര വിൽക്കുന്ന സ്ഥലങ്ങളിൽ പൊട്ടിയും പൊടിഞ്ഞും ഇരിക്കുന്ന ശർക്കരകൾ വിലകുറവിൽ ലഭിക്കും. ഇത്തരം ശർക്കര വളത്തിന് ഉപയോഗിക്കാം.
വളം തയ്യാറാക്കേണ്ട വിധം
ഗോതമ്പുപൊടി – 250 ഗ്രാം
ചാണകപ്പൊടി (പച്ചച്ചാണകം) – 500 ഗ്രാം (ഗോതമ്പുപൊടിയുടെ ഇരട്ടി ചാണകമാണ് എടുക്കേണ്ടത്)
ശർക്കര ഉരുക്കിയത് – ഒരു വലിയ തവി നിറയെ
ഈ മൂന്ന് ചേരുവകളും ഒരു ബക്കറ്റിലിടുക. അതിലേക്ക് വെള്ളമൊഴിച്ച് മിക്സ് ചെയ്യുക. കുഴമ്പ് രൂപത്തിലായി കഴിഞ്ഞാൽ ഈ മിശ്രിതത്തിലേക്ക് അഞ്ച് ലിറ്റർ വെള്ളമൊഴിച്ച് അടച്ചുവെക്കുക. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും അടച്ചുവെക്കണം. ഏഴ് ദിവസം വരെ അടച്ചുവെക്കാവുന്നതാണ്.
ഒരാഴ്ച കഴിഞ്ഞ് ബക്കറ്റ് തുറന്നുനോക്കിയാൽ അത് വളമായി മാറിയത് കാണാനാകും. അതിൽ നിന്ന് ഒരു ലിറ്റർ വളമെടുത്ത് ഒരു ബക്കറ്റിലേക്ക് മാറ്റുക. അതിലേക്ക് ഒമ്പത് ലിറ്ററോളം വെള്ളം ചേർക്കണം.
ശേഷം ഈ വെള്ളം ചെടിയുടെ ചുവട്ടിൽ ഒഴിച്ചുനൽകാം. ചെടികളുടെ കടയ്‌ക്കൽ നിന്ന് മണ്ണ് ഇളക്കി മാറ്റിയതിന് ശേഷം വളം ഒഴിക്കുക. മണ്ണ് ഉറയ്‌ക്കുന്നത് ചെടിയുടെ വളർച്ചയ്‌ക്ക് ദോഷം ചെയ്യുമെന്നതിനാലാണിത്. ഉറച്ച മണ്ണിൽ വളമൊഴിച്ചാൽ അത് വലിച്ചെടുക്കാൻ ചെടിക്ക് പ്രയാസമാകും. അതിനാൽ മണ്ണ് നന്നായി ഇളക്കി കൊടുത്ത ശേഷം വളമൊഴിക്കുക.
10 ദിവസം കൂടുമ്പോൾ മാത്രം വളമൊഴിക്കുക. ദിവസവും ഒഴിക്കരുത്. അതുമല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം വളമിടുക.